കാസർകോട്: മോഷ്‌ടാവിനെ പിടികൂടാൻ സഹായിച്ച സ്‌ത്രീകള്‍ക്ക് ഓണസമ്മാനം നൽകി പൊലീസ്. ബേക്കൽ പൊലീസ് സ്റ്റേഷനിലാണ് (Bekal Police Station) വ്യത്യസ്‌തമായൊരു ഓണസമ്മാന വിതരണം നടന്നത്. ബൈക്കിലെത്തി മാലപൊട്ടിച്ച് (Chain snatching) കടന്നുകളയുന്ന മോഷ്‌ടാവിനെ പിടികൂടാനാണ് സ്‌ത്രീകള്‍ പൊലീസിനെ സഹായിച്ചത്. പൊലീസ് മേധാവി വൈഭവ് സക്സേനയാണ് (Vaibhav saxena IPS) ഓണസമ്മാനം വിതരണം ചെയ്‌തത്.
തനിച്ച് ബൈക്കിലെത്തി മാല പൊട്ടിച്ചുകടന്നുകളയുന്ന മോഷ്‌ടാവിനെ പിടികൂടാൻ നിർണായക വിവരങ്ങൾ പങ്കുവയ്‌ക്കുകയായിരുന്നു സ്‌ത്രീകള്‍. സംഭവത്തില്‍, കീഴൂർ സ്വദേശി മുഹമ്മദ് ഷംനാസാണ് പൊലീസിന്‍റെ പിടിയിലായത്. റോഡിൽ ഒറ്റയ്ക്ക് നടന്നുപോകുന്ന സ്ത്രീകളെ സ്‌കൂട്ടറിൽ പിന്തുടർന്ന് സ്വർണമാല പിടിച്ചുപറിച്ച് കടന്നുകളയുന്ന പ്രതിയെ പിടികൂടാൻ പൊലീസ് വല വിരിച്ചിട്ട് മാസങ്ങളായിരുന്നു. ഏഴ് മാസത്തിനിടെ ജില്ലയുടെ വിവിധമേഖലകളിലായി 10 തവണയാണ് മോഷ്‌ടാവ് പിടിച്ചുപറി നടത്തിയത്.
പ്രത്യേകസംഘം രംഗത്തിറങ്ങി, ഒടുവില്‍...:സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടും പിടികൂടാൻ സാധിച്ചിരുന്നില്ല. ഒടുവിൽ പ്രതിയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പോലും പ്രഖ്യാപിച്ചു. മാല മോഷണം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്‌തതോടെ പ്രതിയെ പിടികൂടാൻ ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന പ്രത്യേക സംഘത്തെ നിയോഗിച്ചു. 40 അംഗ സംഘം പ്രതിയെ പിടിക്കാൻ തന്ത്രങ്ങൾ മെനഞ്ഞു. എന്തുവന്നാലും കള്ളനെ പിടിക്കണമെന്ന തീരുമാനത്തിൽ പ്രത്യേകസംഘം രംഗത്തിറങ്ങി. 250 സിസിടിവി ക്യാമറകൾ അരിച്ചുപെറുക്കി. പ്രത്യേക റൂട്ടിൽ പതിവായി സഞ്ചരിക്കുന്ന ബൈക്കുകൾ നിരീക്ഷിച്ചു. അവയിൽ രജിസ്‌റ്റർ നമ്പർ മാറ്റിയും മുഖംമറച്ചും പോയവരെ വിളിപ്പിച്ചു.