കാസർകോട്:മതമൈത്രിയുടെ സന്ദേശവുമായി മഞ്ചേശ്വരം ഉദ്യാവര്‍ ആയിരം ജുമാഅത്ത് പള്ളി മുറ്റത്ത് വെളിച്ചപ്പാടുകളും പരിവാരങ്ങളുമെത്തി. ഉത്സവാഘോഷങ്ങളിലെ സമുദായ മൈത്രി പുതുമയുള്ള കാര്യമല്ല. എന്നാല്‍ ക്ഷേത്രോത്സവ സമയത്ത് ഇതരസമുദായത്തിന് അയിത്തം കല്‍പ്പിച്ച സംഭവം ചര്‍ച്ചയാകുമ്പോഴാണ് മനസു കുളിര്‍ക്കുന്ന കാഴ്ച കേരളത്തിന്‍റെ വടക്കേ അറ്റത്തുള്ള മഞ്ചേശ്വരത്ത് നിന്നുമുള്ളത്.
മതമൈത്രി ഊട്ടിയുറപ്പിച്ച് വെളിച്ചപ്പാടുകളും പരിവാരങ്ങളും ആയിരം ജുമാഅത്ത് പള്ളിയിലെത്തി - ആയിരം ജുമാഅത്ത് പള്ളി
രണ്ട് പതിറ്റാണ്ടുകളായി മുടങ്ങാതെയുള്ള ആചാരത്തിന്‍റെ ഭാഗമായാണ് ഈ സന്ദര്‍ശനം
മാട,അരസു, മഞ്ചിഷ്ണാര്‍ ക്ഷേത്ര വെളിച്ചപ്പാടുകള്‍ പള്ളിവാളുമേന്തി ആയിരം ജുമാഅത്ത് പള്ളി തിരുമുറ്റത്തെത്തിയപ്പോള്‍ ജുമുഅ നമസ്‌കാരം കഴിഞ്ഞിറങ്ങുന്ന വിശ്വാസികള്‍ വെളിച്ചപ്പാടുകളെ സ്വീകരിച്ചു. മാട ക്ഷേത്രത്തിന് സമീപത്തെ സിംഹാസന തറയില്‍ നടന്ന ചടങ്ങിന് ശേഷമാണ് വെളിച്ചപ്പാടുകളും, ക്ഷേത്രഭാരവാഹികളും, നാട്ടുകാരും എത്തിയത്. രണ്ട് പതിറ്റാണ്ടുകളായി മുടങ്ങാതെയുള്ള ആചാരത്തിന്‍റെ ഭാഗമായാണ് ഈ സന്ദര്‍ശനം. ജമാഅത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ നല്‍കിയ ഉപചാരപൂര്‍വ്വമുള്ള വരവേല്‍പ്പ് സ്വീകരിച്ച വെളിച്ചപ്പാടുകള്‍ കൊമ്പുവിളിയുടെ പശ്ചാത്തലത്തില്‍ ഗുണവരണമെയെന്ന് അരുളി അനുഗ്രഹിച്ചു.
ഈ വര്‍ഷത്തെ ഉത്സവത്തിന് എത്താന്‍ ഏവരേയും ക്ഷണിച്ച ശേഷം ഉടവാള്‍ നെറ്റിയില്‍ ചേര്‍ത്ത് വണങ്ങിയാണ് വെളിച്ചപ്പാടും സംഘവും പള്ളിമുറ്റത്ത് നിന്നും മടങ്ങിയത്. ഉദ്യാവര്‍ ക്ഷേത്രവും ജുമാഅത്ത് പള്ളിയും തമ്മിലുള്ള ബന്ധത്തിന് പഴക്കമേറെയുണ്ട്. പള്ളിയിലെ ഉറൂസിന് ക്ഷേത്രം വക അരി, എണ്ണ, നെയ്യ് തുടങ്ങിയവ കൊടുക്കും. എഴുന്നള്ളിച്ചാണ് അവ എത്തിക്കുന്നത്. ഉദ്യാവര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനാവശ്യമുള്ള സാധനങ്ങള്‍ ഒരുക്കുന്നതിന് ആയിരം ജമാഅത്തും സഹകരിക്കും.