കാസര്‍കോട്: സംസ്ഥാന സർക്കാരിനേയും സിപിഎമ്മിനെയും കടന്നാക്രമിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര ഉദ്‌ഘാടനം ചെയ്യവെയാണ് യുപി-കേരള സർക്കാരുകളെ താരതമ്യപ്പെടുത്തിയുള്ള വിമർശനം. കേരളത്തിൽ സിപിഎം ശബരിമല ആചാര ലംഘനത്തിന് കൂട്ട് നിന്നു. ഹൈന്ദവ വിശ്വാസങ്ങളെ ഹനിച്ചു. യുപിയിൽ ശ്രീരാമ ക്ഷേത്രത്തിനാണ് ശിലയിട്ടത്. രാമനെ രാഷ്ട്രപുരുഷനായി ആദരിച്ചു. അയോധ്യയിൽ നിർമിക്കുന്നത് കേവലം ഒരു ക്ഷേത്രമല്ലെന്നും രാജ്യത്തിൻ്റെ ആത്മാഭിമാനം പ്രതിഫലിക്കുന്ന രാഷ്ട്ര മന്ദിരമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
കേരള സർക്കാർ ജനഹിതം അനുസരിച്ചല്ല പ്രവർത്തിക്കുന്നത്. ശബരിമലയിൽ സർക്കാർ ജനഹിതം പാലിച്ചില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന് കേരളത്തിലെ ജനങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആദിശങ്കരൻ്റെയും നാരായണ ഗുരുവിൻ്റെയും ഭൂമിയാണ് കേരളം. രാജ്യത്തിൻ്റെ നാല് കോണുകളിൽ പീഠങ്ങൾ സ്ഥാപിച്ച് ദേശീയ അഖണ്ഡതയുടെ സന്ദേശം നൽകിയ മഹാനാണ് ആദിശങ്കരൻ. എന്നാൽ ഇന്ന് കേരളത്തിൽ വിഭാഗീയതയും വർഗീയതയും വളർത്തുന്നു. തീവ്രവാദ ശക്തികളെ താലോലിക്കുന്നവരാണ് ഭരണം നടത്തുന്നത്. ഇടത് സർക്കാർ കേരളത്തിൽ അരാജകത്വം സൃഷ്ടിച്ചു. ജനങ്ങളെ ഭിന്നിപ്പിച്ചു. ഏറ്റവും വലിയ വിപത്തായ ലൗ ജിഹാദിനെ നിയന്ത്രിക്കുന്നതിന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ലൗ ജിഹാദിന് പദ്ധതിയിടുന്നവർക്ക് കേരളം സഹായം നൽകിയപ്പോൾ ഉത്തർപ്രദേശിൽ ലൗ ജിഹാദിന് എതിരായി നിയമം കൊണ്ടു വന്നു. കേരളത്തിലെ സർക്കാരുകൾ ദേശസുരക്ഷക്കായി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും യോഗി കുറ്റപ്പെടുത്തി.