കാസർകോട് : ഖാര്‍കീവില്‍ ഷെല്ലാക്രമണത്തില്‍ കോളജിലെ ജൂനിയർ വിദ്യാര്‍ഥി കൊല്ലപ്പെട്ടുവെന്ന വിവരം ലഭിച്ചതോടെ തൊട്ടടുത്ത ബങ്കറിൽ ഉണ്ടായിരുന്ന കാസർകോട്ടെ ആയിഷത്ത് നിഹല അടക്കമുള്ള വിദ്യാർഥികൾ ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ആക്രമണ സമയത്ത് പലരും ഉറങ്ങുകയായിരുന്നു. സ്ഫോടന ശബ്ദം കേട്ടതോടെ ഞെട്ടി വിറച്ചു.
'ഞങ്ങൾ പോളണ്ട് അതിർത്തിയിലേക്ക് പോകുകയാണ്', ഇതായിരുന്നു ആയിഷത്ത് പിതാവ് മൊയ്‌ദീന് അവസാനം അയച്ച സന്ദേശം. പിന്നെ ആശങ്കയുടെ മണിക്കൂറുകൾ. ഉറക്കം പോലും ഇല്ലാതെ ആയിഷത്തിന്‍റെ രക്ഷിതാക്കളായ മൊയ്‌തീനും നൂർജഹാനും മകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. പലരെയും ബന്ധപ്പെട്ടങ്കിലും മകളുമായി സംസാരിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. കരഞ്ഞുകൊണ്ട് നേരം വെളുപ്പിച്ചു.
അവസാനം മണിക്കൂറുകൾക്ക് ശേഷം ഇന്ന് രാവിലെ സന്ദേശമെത്തി. യുക്രൈൻ പോളണ്ട് അതിർത്തിയിൽ ആണെന്നും എന്നാൽ ഇന്ത്യക്കാരെ കടത്തി വിടുന്നില്ലെന്നും മണിക്കൂറുകളായി കാത്തിരിക്കുകയാണെന്നുമായിരുന്നു ശബ്‌ദ സന്ദേശം. അരമണിക്കൂറിന് ശേഷം, പോളണ്ട് അതിർത്തിയിൽ എത്തിയെന്ന മറ്റൊരു സന്ദേശവും എത്തി. അപ്പോഴാണ് മൊയ്‌ദീനും നൂർജഹാനും ആശ്വാസമായത്. ഫോൺ കേടായതിനാൽ മറ്റൊരു ഫോണിലാണ് ബന്ധപ്പെട്ടത്. പക്ഷെ ഇനി എങ്ങനെ ബന്ധപ്പെടുമെന്ന ആശങ്കയിലാണ് മൊയ്‌തീൻ.