കാസർകോട്: കെ റെയിൽ പദ്ധതിക്കെതിരെ പ്രമേയം പാസാക്കി സി.പി.എം ഭരിക്കുന്ന ഉദുമ ഗ്രാമ പഞ്ചായത്ത്. മുസ്‌ലിം ലീഗിലെ ഹാരിസ് അങ്കക്കളരിയാണ് പ്രമേയം അവതരിപ്പിച്ചത്. യു.ഡി.എഫിലെ ചന്ദ്രൻ നാലാം വാതുക്കൽ പിന്താങ്ങി.
21 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ ഒൻപത് യു.ഡി.എഫ് മെമ്പർമാരും രണ്ടു ബി.ജെ.പി മെമ്പർമാരും അടക്കം 11 പേർ പ്രമേയത്തെ അനുകൂലിച്ചു. സി.പി.എമ്മിൻ്റെ പത്ത് അംഗങ്ങൾ എതിർത്തു. പത്തിനെതിരെ 11 അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രമേയം പാസായത്. സംസ്ഥാനത്ത് ആദ്യമായാണ് സി.പി.എം ഭരിക്കുന്ന പഞ്ചായത്തിൽ കെ റെയിലിന് എതിരെയുള്ള പ്രമേയം പാസായത്.
ALSO READ:ഭൂമി തരം മാറ്റം: അപേക്ഷകള്‍ ആറുമാസം കൊണ്ട് തീർപ്പാക്കുമെന്ന് മന്ത്രി കെ രാജൻ
കെ റെയിൽ കേരളത്തിൽ പ്രായോഗികമല്ല എന്ന വിദഗ്‌ധാഭിപ്രായങ്ങൾ നിലനിൽക്കെ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിൽ ജനങ്ങൾ ആശങ്കയിലാണെന്ന് പ്രമേയത്തിൽ പറയുന്നു. ഉദുമ ഗ്രാമപഞ്ചായത്തിനെ കീറി മുറിച്ച് ഏഴോളം വാർഡുകളിലൂടെ കടന്ന് പോകുന്ന കെ റെയിൽ നൂറിലധികം കുടുംബങ്ങളെ കുടിയിറക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ആധികാരികമായ പഠനങ്ങളി ല്ലാതെ നടത്തുന്ന പദ്ധതി കേരളത്തിന് വലിയ നഷ്‌ടങ്ങൾ വരുത്തിവെക്കാൻ സാധ്യതയുണ്ട്. മണ്ണിനും മനുഷ്യനും വിനാശകരമായിത്തീരാൻ സാധ്യതയുള്ള കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്മാറണ മെന്ന് പ്രമേയത്തിലൂടെ പ്രതിപക്ഷം, സംസ്ഥാന സർക്കാറിനോട് അഭ്യർഥിച്ചു.