കഴിഞ്ഞ 30 വർഷമായി സിപിഎം പ്രതിനിധികളെ മാത്രം നിയമസഭയിലേക്ക് തെരഞ്ഞെടുത്ത് അയയ്ക്കുന്ന മണ്ഡലം. പക്ഷേ ഓരോ തെരഞ്ഞെടുപ്പിലും ഉദുമ മണ്ഡലത്തിലെ ഭൂരിപക്ഷം കുറയുന്നത് ഇടതുമുന്നണിക്ക് ആശങ്ക സൃഷ്ടിച്ചിരുന്നു. കെവി കുഞ്ഞിരാമനും കെ കുഞ്ഞിരാമനും ചേർന്ന് കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും സിപിഎം ചിഹ്നത്തില്‍ ജയിച്ചു കയറിയത് പാർട്ടി വോട്ടുകൾക്കപ്പുറം ജനകീയ പരിവേഷം കൊണ്ടുകൂടിയാണ്. സാമുദായിക ഘടകങ്ങൾ നിർണായക സ്വാധീനമാണെങ്കിലും രാഷ്ട്രീയ സ്വഭാവം കൃത്യമായി പ്രകടിപ്പിച്ചിരുന്നു എന്നതാണ് ഉദുമ മണ്ഡലത്തിന്‍റെ സവിശേഷത.
മണ്ഡല ചരിത്രം
ഉദുമ മണ്ഡലം രൂപീകരിച്ച 1977 ല്‍ സ്വതന്ത്രനായ എന്‍കെ ബാലകൃഷ്ണന്‍ ആദ്യ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടു. 1980ല്‍ കെ പുരുഷോത്തമനിലൂടെ സിപിഎം ഉദുമയില്‍ ജയിച്ചുതുടങ്ങി. 1984ല്‍ കുഞ്ഞിരാമൻ നമ്പ്യാർ, 1985ല്‍ കെ പുരുഷോത്തമൻ എന്നിവർ ഇടത് എംഎല്‍എമാരായി. 1987ല്‍ കോൺഗ്രസ് സ്ഥാനാർഥിയായി ജയിച്ച കെപി കുഞ്ഞിക്കണ്ണന്‍ സിപിഎമ്മിനെ ഞെട്ടിച്ചു. പക്ഷേ 1991ല്‍ പി രാഘവനിലൂടെ സിപിഎം ഉദുമ തിരിച്ചുപിടിച്ചു. പിന്നീട് രണ്ട് തവണ കെവി കുഞ്ഞിരാമനും അതിനു ശേഷം 2011ലും 2016ലും കെ കുഞ്ഞിരാമനും സിപിഎം എംഎല്‍എമാരായി. 2016ല്‍ വാശിയേറിയ പോരാട്ടമാണ് ഉദുമയില്‍ നടന്നത്. സിറ്റിങ് എംഎല്‍എ കെ കുഞ്ഞിരാമനെ നേരിട്ടത് കോൺഗ്രസ് നേതാവായ കെ സുധാകരനാണ്. പോരാട്ടം ശക്തമായിരുന്നെങ്കിലും സിപിഎം പ്രതിനിധിയായ കെ കുഞ്ഞിരാമൻ 3832 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയം നേടി.
2016 നിയമസഭ തെരഞ്ഞെടുപ്പ്
കെ. സുധാകരൻ 66847 ( കോൺഗ്രസ്)
കെ. കുഞ്ഞിരാമൻ 70679 (സി.പി.എം)
ശ്രീകാന്ത് 21231 (ബി.ജെ.പി)
കെ. കുഞ്ഞിരാമൻ ഭൂരിപക്ഷം 3832
ഉദുമ നിയമസഭ തെരഞ്ഞെടുപ്പ് 2016 മണ്ഡലത്തിന്‍റെ രാഷ്ട്രീയം
കാസര്‍കോട് താലൂക്കിലെ ബേഡഡുക്ക, ചെമ്മനാട്, മൂളിയാര്‍, ദേലംപാടി, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തുകളും ഹോസ്‌ദുര്‍ഗ് താലൂക്കിലെ ഉദുമ, പുല്ലൂര്‍-പെരിയ, പള്ളിക്കര പഞ്ചായത്തുകളും മണ്ഡലത്തിന്‍റെ ഭാഗമാണ്.
2019 ഫെബ്രുവരി 17ന് പെരിയ കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം ഉദുമ മണ്ഡലത്തിലെ രാഷ്ട്രീയ സ്വഭാവത്തില്‍ ചെറുതല്ലാത്ത മാറ്റം സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും അതിന് മുൻപ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും അത് പ്രകടമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പുല്ലൂർ- പെരിയ പഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിക്കുകയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ 8937 വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫിന് ലഭിക്കുകയുമുണ്ടായി. എന്നാല്‍ മണ്ഡലം മുഴുവൻ എടുത്ത് പരിശോധിച്ചാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 10000ത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം മണ്ഡലത്തില്‍ നേടി തിരിച്ചുവന്നു.
ഉദുമ നിയമസഭ തെരഞ്ഞെടുപ്പ് 2011 ഉദുമ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2020
സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള പ്രതിപക്ഷ പ്രചാരണങ്ങള്‍ മറികടന്ന് സംസ്ഥാന വ്യാപകമായി ഇടതുമുന്നണി നേടിയ ജയം ഉദുമയിലും ആവര്‍ത്തിച്ചു. എട്ട് പഞ്ചായത്തുകളില്‍ അഞ്ചിടത്തും എല്‍ഡിഎഫ് ജയിച്ചു. ബേഡഡുക്ക, ഉദുമ, ദേലംപാടി, പള്ളിക്കര, കുറ്റിക്കോല്‍ പഞ്ചായത്തുകള്‍ ഇടതിനൊപ്പം നിന്നപ്പോള്‍ ഇരട്ടക്കൊലപാതകം നടന്ന പുല്ലൂര്‍-പെരിയയും ചെമ്മനാടും മൂളിയാറും യുഡിഎഫ് നേടി.
ഉദുമ തദ്ദേശ തെരഞ്ഞെടുപ്പ് 2020 2021 നിയമസഭയിലേക്ക്
ഉദുമയുടെ ഇടതുമനസിന് കോട്ടം സംഭവിച്ചിട്ടില്ലെന്ന് തന്നെയാണ് സിപിഎം നേതൃത്വം കണക്കുകൂട്ടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ജയത്തിന്‍റെ ആത്മവിശ്വാസത്തില്‍ മികച്ച പ്രചാരണം നടത്തി മണ്ഡലം നിലനിര്‍ത്താനാകും ഇടത് ക്യാമ്പിന്‍റെ പരിശ്രമം. പക്ഷേ അട്ടിമറി ജയത്തിനുള്ള എല്ലാ സാധ്യതയും യുഡിഎഫ് നേതൃത്വം തേടുന്നുണ്ട്. മികച്ച സ്ഥാനാർഥിയെ നിർത്തി എല്‍ഡിഎഫിനുണ്ടാകുന്ന വോട്ടുചോര്‍ച്ച മുതലെടുക്കാനാകും യുഡിഎഫ് ശ്രമം. കാസര്‍കോട് ജില്ലയില്‍ പൊതുവായി കാണുന്ന ബിജെപി അനുകൂല രാഷ്ട്രീയം ഉദുമയിലും സൃഷ്ടിക്കാനാണ് ബിജെപി നീക്കം.