കാസര്‍കോട്:ഒരു നാടിനെ മുഴുവന്‍ ഭീതിയിലാഴ്‌ത്തിയ കള്ളന്‍ കറുകവളപ്പില്‍ അശോകന്‍ പിടിയില്‍. എറണാകുളത്ത് നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. കാഞ്ഞിരപ്പൊയില്‍ നിന്ന് കൊച്ചിയിലേക്ക് വിനോദയാത്ര പോയ യുവാക്കളാണ് കള്ളന്‍ അശോകനെ തിരിച്ചറിഞ്ഞ് വിവരം അന്വേഷണ സംഘത്തെ അറിയിച്ചത്.
മഫ്‌തിയിലെത്തിയ അന്വേഷണസംഘം യുവാക്കളുടെ സഹായത്തോടെയാണ് കുപ്രസിദ്ധ കള്ളനെയും കൂട്ടാളികളെയും കസ്‌റ്റഡിയിലെടുത്തത്. കൊച്ചിയില്‍ പിടിയിലായ ഇയാളെ അറസ്റ്റ് ചെയ്യാൻ കാഞ്ഞങ്ങാട് എസ് ഐ സതീഷിന്‍റെ നേതൃത്വത്തിലുള്ള സംഘം യാത്ര തിരിച്ചു. കാഞ്ഞിരപ്പൊയില്‍ വീട്ടമ്മയെ തലയ്‌ക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം ആഭരണങ്ങളുമായി കടന്ന് കളഞ്ഞ അശോകന് വേണ്ടി പ്രദേശവാസികളും പൊലീസും ഊര്‍ജിതമായ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
നാടിനാശ്വാസം:മാസങ്ങളായി പ്രദേശവാസികളും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ പിടികൊടുക്കാതിരുന്ന കള്ളനാണ് ഒടുവില്‍ കൊച്ചിയില്‍ അന്വേഷണ സംഘത്തിന്‍റെ വലയിലായത്. വീട്ടമ്മയെ ക്രൂരമായി ആക്രമിച്ച ശേഷമാണ് അശോകന്‍ കാഞ്ഞിരപ്പൊയില്‍ നിന്ന് കടന്നത്. മോഷണകേസില്‍ പ്രതിയായ തന്‍റെ സുഹൃത്തിനെ പിടിച്ചുകൊടുത്തതിലുള്ള പകയാണ് ഇതിനുപിന്നലെന്ന് അറിഞ്ഞതോടെ നാട്ടുകാരും ആശങ്കയിലായി.
പലപ്പോഴായി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ആര്‍ക്കും അശോകനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ പ്രദേശത്തെ കാട് കയറിയെന്ന് പൊലീസ് അനുമാനിച്ചു. ഇതേ തുടര്‍ന്ന് 300 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന കാട്ടിലും വ്യത്യസ്‌ത മാര്‍ഗം ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും അശോകനെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല.
ഡോഗ് സ്‌ക്വാഡിന്‍റെയും ഡ്രോണിന്‍റെയും സഹായത്തോടെ പരിശോധന നടത്തിയെങ്കിലും കാട്ടിലൊളിച്ച കള്ളനെ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് സാധിച്ചിരുന്നില്ല. ഒരു നാടിനെ മുഴുവന്‍ ആശങ്കയിലാക്കിയ കള്ളനെ പിടികൂടാന്‍ ചരിത്രത്തിലാദ്യമായി വാട്‌സ്‌ആപ്പ് ഗ്രൂപ്പും രൂപീകരിച്ചിരുന്നു. തുടര്‍ന്നാണ് കള്ളന്‍ അശോകന്‍ എറണാകുളത്ത് നിന്ന് പിടിയിലായത്.