കാസര്‍കോട്:പെരിയ ഇരട്ടകൊലക്കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ കോടതി നിയമ നടപടികളാരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട 24 പ്രതികള്‍ക്കും കോടതി സമന്‍സ് അയച്ചു. കേസിന്‍റെ വിചാരണക്കായി പ്രതികളോട് മെയ് 17 ന് സിബിഐ പ്രത്യേക കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെട്ടു.
കൊലപാതകം, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ, ആയുധ നിരോധന നിയമം, കുറ്റവാളികളെ ഒളിപ്പിക്കൽ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. അതേ സമയം ശരത് ലാലിനെയും കൃപേഷിനെയും വധിക്കാനുപയോഗിച്ച ആയുധങ്ങളുടെ ഉറവിടത്തെ കുറിച്ച് സിബിഐ റിപ്പോര്‍ട്ടില്‍ അവ്യക്തതയുണ്ടെന്നാരോപിച്ച് ഇരുവരുടെയും കുടുംബം കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടും.
പ്രതികള്‍ കോടതിയില്‍ ഹാജരാവുന്നതോടെ കുടുംബം കോടതിയില്‍ ഹര്‍ജി നല്‍കും. കേസിലെ അവ്യക്തത തീരണമെങ്കില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയിലാകണമെന്ന് ഇരുവരുടെയും കുടുംബം ക്രൈംബ്രാഞ്ചിനോടും സി.ബി.ഐയോടും നിരന്തരം ആവശ്യപ്പെട്ടിരുന്നു.