കാസർകോട്: ആശങ്കയുയർത്തി ജില്ലയില്‍ പത്ത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്നാം ഘട്ടത്തിൽ കൊവിഡ് സ്ഥിരീകരിക്കുന്നത് തീവ്രതയേറിയ വൈറസാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സമ്പർക്കത്തിലൂടെയടക്കം വൈറസ് ബാധയുണ്ടായത്. നേരത്തെ രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ നിന്നെത്തിയ വ്യക്തിയുടെ സമ്പർക്കത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ജില്ലാ, ജനറൽ ആശുപത്രികളിലെ രണ്ട് ആരോഗ്യ പ്രവർത്തകർ, കാസർകോട് നഗരസഭയിലെ 65 വയസുകാരൻ, ബെംഗളൂരുവില്‍ നിന്നുമെത്തിയ 26 വയസുള്ള കള്ളാർ സ്വദേശി, മഹാരാഷ്ട്രയിൽ നിന്നുമെത്തിയ രണ്ട് കുമ്പള സ്വദേശികൾ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയിൽ നിന്നും മെയ് നാലിനെത്തി, 11ന് രോഗബാധ സ്ഥിരീകരിച്ച പൈവളികെ സ്വദേശിയെ തലപ്പാടിയിൽ നിന്നും കാറിൽ കൂട്ടിക്കൊണ്ടുവന്ന പൊതുപ്രവർത്തകൻ, കൂടെ യാത്ര ചെയ്‌ത അദ്ദേഹത്തിന്‍റെ ഭാര്യ, ഇവരുടെ പതിനൊന്നും എട്ടും വയസുള്ള ആൺകുട്ടികൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഈ പൊതുപ്രവർത്തകൻ ഇതിനിടയിൽ മൂന്ന് തവണ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാൻസർ രോഗിയുമായി എത്തുകയും ആശുപത്രിയിലെ കാൻസർ വാർഡ്, ലാബ്, എക്‌സ്-റേ റൂം എന്നിവിടങ്ങളിൽ പ്രവേശിക്കുകയും ചെയ്‌തിട്ടുണ്ട്. അതിനാൽ സമ്പർക്ക പട്ടികയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ആരോഗ്യ പ്രവർത്തകർക്ക് എങ്ങനെ രോഗബാധയുണ്ടായി എന്നതിൽ സ്ഥിരീകരണമുണ്ടായിട്ടില്ല.