കാസർകോട്: അകാലത്തിൽ വിട്ടുപിരിഞ്ഞ കുഞ്ഞനുജത്തിയുടെ ഓർമ്മയിൽ കവിത രചിച്ച് ആൽബം പുറത്തിറക്കി ആറാം ക്ലാസുകാരി. ചെറുവത്തൂർ നാലിലാംകണ്ടം യുപി സ്‌കൂളിലെ ധനലക്ഷ്മി ആണ് കവിതയിലൂടെ അനുജത്തി ഭാഗ്യലക്ഷ്മിയുമൊത്തുള്ള ഓർമ്മകളെ തൊട്ടുണർത്തുന്നത്. വൈകല്യങ്ങളോടെ പിറന്നുവീണ ഭാഗ്യലക്ഷ്‌മിയുടെ വേർപാട് ഇന്നും ഉൾക്കൊള്ളാനാവുന്നില്ല ധനലക്ഷ്മിക്ക്. ഒരു വർഷവും നാലു മാസവും പ്രായമാകുമ്പോൾ ആയിരുന്നു അനിയത്തി വിട്ടുപിരിഞ്ഞത്. 'നീ എങ്ങുപോയി' എന്ന പേരിലാണ് ധന ലക്ഷ്മി ആൽബം പുറത്തിറക്കിയത്.
കുഞ്ഞനുജത്തിയുടെ ഓർമ്മയിൽ സംഗീത ആൽബം പുറത്തിറക്കി ആറാം ക്ലാസുകാരി - kavitha
'നീ എങ്ങുപോയി' എന്ന ആൽബം പ്രേക്ഷക പ്രശംസ നേടുകയാണ്
എട്ടാം വയസ്സിൽ തനിക്ക് കിട്ടിയ ഭാഗ്യമായിരുന്നു താൻ പൊൻമണി എന്ന് വിളിക്കുന്ന തന്‍റെ കുഞ്ഞനിയത്തി എന്ന് ധനലക്ഷ്മി പറയുന്നു. അത് കവിതയിലെ വരികളായി മാറുകയും ചെയ്‌തു. സംസാരിക്കാനോ നടക്കാനോ കഴിയാത്ത അനുജത്തിക്ക് ഭക്ഷണം വാരിനൽകിയതും പാട്ടുപാടിയുറക്കിയതുമെല്ലാം നല്ലോർമകളായി ധനലക്ഷ്മിയുടെ ഉള്ളിലുണ്ട്. അതൊക്കെയും ചേർന്നപ്പോളാണ് അക്ഷരങ്ങളുടെ രൂപത്തിൽ കവിതയായി ഭാഗ്യലക്ഷ്മി പുനർജനിച്ചത്.
ധനലക്ഷ്മിഅനിയത്തിയുമൊത്തുള്ള ഓർമകളെ കവിതയാക്കിയപ്പോൾ അതിന് സംഗീതം പകർന്ന് ആലപിച്ചതും അഭിനയിച്ചതുമെല്ലാം ഈ മിടുക്കിയാണ്. നേരത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കവിതയെഴുതി ആൽബമാക്കി പുറത്തിറക്കിയിട്ടുണ്ട് ധനലക്ഷ്മി. മാതാപിതാക്കളായ ബിനോയിയും സജ്‌നയും ധനലക്ഷ്മിക്ക് പിന്തുണയുമായി ഒപ്പമുണ്ട്.