കാസര്‍കോട്: കാസര്‍കോട് മുഗുവില്‍ സഹോദരങ്ങള്‍ പനി ചികിത്സക്കിടെ മരിച്ചതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മണിപ്പാലിലെ പരിശോധനാ ഫലം. മണിപ്പാല്‍ വൈറോളജി ലാബില്‍ നിന്നും ലഭിച്ച പരിശോധനാ റിപ്പോര്‍ട്ടില്‍ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. ബാക്‌ടീരിയ വഴി പകരുന്ന മെലിയോഡോസിസ് എന്ന അസുഖമാണ് മരണത്തിനിടയാക്കിയതെന്നാണ് മണിപ്പാലിലെ പരിശോധനാ ഫലം. നേരത്തെ കുട്ടികള്‍ ചികിത്സയിലുണ്ടായിരുന്ന മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയിലും ഇതേ റിപ്പോര്‍ട്ടാണ് ലഭിച്ചത്. പരിശോധനാ ഫലം പുറത്ത് വന്നതു പ്രകാരം ബാക്‌ടീരിയയുടെ സാന്നിധ്യം ഉറപ്പാക്കിയതിനാലും വൈറസ് സാന്നിധ്യം ഇല്ലാത്തതിനാലും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പുനെയില്‍ നിന്നുള്ള പരിശോധനാ ഫലം കൂടി വരാനുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
കാസര്‍കോട് സഹോദരങ്ങളുടെ മരണം; മെലിയോഡോസിസ് എന്ന് സ്ഥിരീകരണം - melioidosis
വെള്ളത്തില്‍ നിന്നോ , ചെളിയില്‍ നിന്നോ ബാക്ടീരിയ വഴി പിടിപെടുന്ന രോഗമാണ് മെലിയോഡോസിസ്
വെള്ളത്തില്‍ നിന്നോ ചെളിയില്‍ നിന്നോ ബാക്‌ടീരിയ പിടിപെടാമെന്നാണ് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നത്. രോഗ പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, മാരക അസുഖം ബാധിച്ചവരിലുമെല്ലാം ഈ രോഗം മാരകമായേക്കാം. അതേ സമയം ആരോഗ്യ പ്രവര്‍ത്തകര്‍ രോഗാണുവിന്‍റെ ഉറവിടം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ്. സംസ്ഥാനതല എപ്പിഡമോളജിസ്റ്റ് ഡോ. സുകുമാരന്‍റെ നേതൃത്വത്തില്‍ മണിപ്പാലില്‍ നിന്നുള്ള സംഘം ബന്ധപ്പെട്ട വീടും പരിസരവും പരിശോധിച്ചു. മൃഗസംരക്ഷണ വകുപ്പിന്‍റെ സഹായത്തോടെ വളര്‍ത്തു മൃഗങ്ങളുടെയും മണ്ണിന്‍റെയും സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ച് അയച്ചിട്ടുണ്ട്. മുന്‍കരുതല്‍ എന്ന നിലയില്‍ കുട്ടികളുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പരിയാരം മെഡിക്കല്‍ കോളജില്‍ നിരീക്ഷിച്ചു വരുന്നുണ്ട്.