കേരളം

kerala

ETV Bharat / state

'മരണം വരെ സംഗീതം കൂടെയുണ്ടാകും': ഉസ്‌താദ് ബിസ്‌മില്ല ഖാന്‍റെ പ്രിയ ശിഷ്യൻ ഇവിടെയുണ്ട്

സംഗീതത്തിന് പുറമെ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലും പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ് ഉസ്‌താദ് ഹസന്‍ ഭായി

By

Published : Jun 30, 2022, 7:22 PM IST

ustad hussan bhai  shahanai musician ustad hussan bhai  shahanai musician  shahanai music  kasargod shahanai musician ustad hussan bhai  shahanai musician ustad bismilla khan  ഷഹനായ് സംഗീതം  ഷഹനായ് സംഗീതജ്ഞന്‍ ഉസ്‌താദ് ഹസന്‍ ഭായി  ഉസ്‌താദ് ഹസന്‍ ഭായി
'മരണം വരെ സംഗീതം കൂടെയുണ്ടാകും': ഉസ്‌താദ് ബിസ്‌മില്ല ഖാന്‍റെ പ്രിയ ശിഷ്യൻ ഇവിടെയുണ്ട്

കാസർകോട്: ‘നീ കേരളത്തിലെ ഞാനാകണം’... ഗംഗ തീരത്തിരുന്ന് ഗുരു ഉസ്‌താദ് ബിസ്‌മില്ല ഖാൻ പറയുമ്പോൾ ശിഷ്യൻ ഹസന്‍ ഭായി ഷഹനായി സംഗീതത്തിന്‍റെ കൊടുമുടി കയറാനുള്ള ശ്രമത്തിലായിരുന്നു. ഉസ്‌താദ് ബിസ്‌മില്ല ഖാന്‍റെ മരണശേഷം ഹസ്സൻ ഭായി ഷഹനായ് മാന്ത്രികന്റെ അപൂർവം ശിഷ്യരിൽ ഒരാളെന്ന നിലയിൽ ലോകം മുഴുവൻ ആരാധകരെ സ്വന്തമാക്കി.

ആ സംഗീത യാത്ര ഇപ്പോഴും തുടരുന്നു. അറുപതു വർഷം പഴക്കമുള്ള ഷഹനായിയുമായി കാസർകോട് കോളിയടുക്കത്തെ വീട്ടില്‍ 79-ാം വയസിലും സംഗീതത്തിന്‍റെ ആത്മാവ് തേടിയുള്ള യാത്രയിലാണ് ഹസ്സൻ ഭായി.

ഷഹനായി മാന്ത്രിക സംഗീതവുമായി ഉസ്‌താദ് ഹസന്‍ ഭായി

തലശ്ശേരിയിലെ പ്രശസ്‌തമായ കേയി കുടുംബത്തില്‍ ജനനം. ഉമ്മയിൽ നിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കി. പത്താം വയസിൽ ആദ്യ ഗുരുവിനെ ലഭിച്ചു.

മൈസൂരൂവിലെ പേരുകേട്ട സംഗീത‍ജ്ഞനായ നാഗരാജ ഗുഡയപ്പ. അദ്ദേഹത്തിൽ നിന്നും സംഗീതത്തെ അടുത്തറിയാനുള്ള ശ്രമം. ഷഹനായ് സംഗീതം മനസില്‍ കുടിയേറിയപ്പോൾ നേരെ മുംബൈയിലേക്ക്. ഗുരു ഉസ്‌താദ് ബിസ്‌മില്ല ഖാനില്‍ നിന്ന് സംഗീതം മനസിലേക്ക് ആവാഹിച്ച ഹസ്സൻ ഭായി വാരാണസിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഷഹാനായ് സംഗീതത്തിൽ അത്ഭുതങ്ങൾ കാണിച്ചിട്ടുണ്ട്.

ഷഹനായി മാത്രമല്ല പുല്ലാങ്കുഴലും സിത്താറും ഹാർമോർണിയവും മോഹനവീണയുമുൾപ്പെടെ മുപ്പത്തിയഞ്ച് വാദ്യോപകരണങ്ങൾ മനോഹരമായി ഇദ്ദേഹം കൈകാര്യം ചെയ്യും. കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ഷഹനായ് പരിശീലിക്കണം. അപ്പോഴാണ് അടിസ്ഥാന പാഠങ്ങൾ സ്വന്തമാക്കാനാകുക. അതിനാല്‍ അധികമാരും ഈ രംഗത്തേക്ക് വരാറില്ലെന്നും ഉസ്‌താദ് ബിസ്‌മില്ല ഖാന്‍റെ പ്രിയ ശിഷ്യൻ പറയുന്നു.

തളങ്കര സ്വദേശി സഫിയയെ വിവാഹം ചെയ്‌ത ശേഷമാണ് കാസർകോടെത്തുന്നത്. പരേതയായ റുക്‌സാന, ഇസ്‌മത്ത്, സുനൈന, ജഹാസ്, മുബീന എന്നിവർ മക്കളാണ്. സംസ്ഥാന സർക്കാർ ഗുരുപൂജ അവാർഡ്, സംഗീത നാടക അക്കാദമി പുരസ്‌കാരം, മഹാരാഷ്‌ട്ര- പശ്ചിമ ബംഗാൾ സർക്കാരുകളുടെ വിവിധ പുരസ്‌കാരങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ കല പ്രവർത്തനത്തിന് മുതിർന്ന പൗരന്മാർക്ക് സംസ്ഥാന സാമൂഹികനീതി വകുപ്പ് ഏർപ്പെടുത്തിയ 2021ലെ വയോ സേവന അവാർഡും ഹസ്സൻ ഭായിയെ തേടി എത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details