കാസർകോട്: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന കാസർകോട് സ്വദേശിനിയുടെ പരാതിയിൽ സിനിമ, റിയാലിറ്റി ഷോ താരം ഷിയാസ് കരീം (34) പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത് (Sexual Assault Case case shiyas kareem). ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ കസ്‌റ്റംസ് ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞു വെയ്ക്കുകയായിരുന്നു.
ചെന്നൈ കസ്‌റ്റംസ് വിഭാഗം ഇക്കാര്യം കാസർകോട് ചന്തേര പൊലീസിനെ അറിയിച്ചിട്ടുണ്ട്. പൊലീസ് സംഘം ചെന്നൈയിൽ എത്തി ഷിയാസിന്‍റെ അറസ്‌റ്റ് രേഖപ്പെടുത്തും. ഇതിനായി ചന്തേര പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു. ഷിയാസ് കരീമിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചെന്നൈ വിമാനത്താവളത്തിൽ കസ്‌റ്റംസ് തടഞ്ഞത്.
എറണാകുളം പെരുമ്പാവൂർ സ്വദേശിയാണ് ഷിയാസ്. വിവാഹ വാഗ്‌ദാനം നൽകി ജിം ട്രെയിനറായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ചന്തേര പൊലീസ് കേസ് എടുത്തത്. ചെറുവത്തൂർ സ്വദേശിനിയായ 32 കാരിയുടെ പരാതിയിലാണ് ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേനായ ഷിയാസിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്.
സംഭവത്തിൽ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു . വിവാഹബന്ധം വേർപിരിഞ്ഞ യുവതിയെ വിവാഹ വാഗ്‌ദാനം നൽകി 2021 മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ എറണാകുളത്തെ ലോഡ്‌ജിൽ വെച്ചും മൂന്നാറിലെ റിസോർട്ടിൽ വെച്ചും പീഡിപ്പിച്ചുവെന്നാണ് പരാതി.
പിന്നീട് യുവാവ് വാഗ്‌ദാനത്തിൽ നിന്ന് പിൻമാറുകയും മറ്റൊരു വിവാഹത്തിന് ശ്രമം നടത്തുകയും ചെയ്‌തതോടെയാണ് യുവതി പരാതിയുമായി ചന്തേര പൊലീസിനെ സമീപിച്ചത്. പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.