വേനല്‍ കടുത്തു: വറ്റിവരണ്ട് പുത്തിഗെ പുഴ - Kasargod
കാസർകോടിന്‍റെ കുടിവെള്ള സംഭരണിയായ പുത്തിഗെ പുഴ ഇപ്പോൾ കടുത്ത വരൾച്ചയെ നേരിടുകയാണ്. പുഴയില്‍ പലഭാഗങ്ങളിലായി കുത്തിയ കിണറുകളിൽ നിന്ന് മോട്ടോറുകൾ ഉപയോഗിച്ചാണ് കുടിവെള്ള പദ്ധതികൾക്ക് പോലും വെള്ളമെടുക്കുന്നത്. അനധികൃത മണലൂറ്റാണ് ജലലഭ്യത കുറയുന്നതിന് പ്രധാന കാരണം.
നിറഞ്ഞ ജലസംഭരണിയായി അംഗടിമുഗർ പുത്തിഗെ ഗ്രാമവാസികൾക്ക് തെളി നീരേകിയ പുഴയാണ് ഇപ്പോൾ ഇങ്ങനെ മെലിഞ്ഞുണങ്ങിയിരിക്കുന്നത്. കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തിലാണ്. ജലലഭ്യത കുറഞ്ഞതോടെ പ്രദേശത്തെ കൃഷിയും പ്രതിസന്ധിയിലാണ്. വെള്ളം കിട്ടാക്കനി ആയതോടെയാണ് പുഴയിൽ റിംഗ് സ്ഥാപിച്ച്കിണർ കുത്താൻ ഇന്നാട്ടുകാർ തുടങ്ങിയത്. മുൻകാലങ്ങളിൽ പുഴയില്‍ കുഴിച്ച കിണറുകളിലും വെള്ളം കുറഞ്ഞു തുടങ്ങി. അനിയന്ത്രിതമായി തുടരുന്ന മണലെടുപ്പാണ് പുഴ മരിക്കുന്നതിന് പ്രധാന കാരണമായി നാട്ടുകാർ പറയുന്നത്.