കാസര്‍കോട്: ശക്തമായ മഴയെ തുടര്‍ന്ന് കാസർകോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തേജസ്വിനി, ചന്ദ്രഗിരി, ചൈത്ര വാഹിനി നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. ജില്ലയിലെ മറ്റ് 11 പുഴകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മലയോര പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണിയും നേരിടുന്നു. ജില്ലയിലെ പലയിടത്തും വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് 935 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇതിൽ 76 കുടുംബങ്ങളെ ക്യാമ്പുകളിലേക്കും 859 കുടുംബങ്ങളെ ബന്ധുവീട്ടിലേക്കുമാണ് മാറ്റിയത്. ജില്ലയിൽ ഇതുവരെ ആറ് ക്യാമ്പുകള്‍ ആരംഭിച്ചു. വെള്ളരിക്കുണ്ട് താലൂക്കിൽ മൂന്നും ഹോസ്‌ദുർഗ് താലൂക്കിൽ രണ്ടും കാസർകോട് താലൂക്കിൽ ഒന്നും വീതം ക്യാമ്പുകളാണ് ആരംഭിച്ചത്.
കാസര്‍കോട് റെഡ് അലര്‍ട്ട്; കരകവിഞ്ഞ് തേജസ്വിനി, ചന്ദ്രഗിരി, ചൈത്ര വാഹിനി നദികള്‍
കാര്യങ്കോട് തേജസ്വിനി പുഴയില്‍ ജലനിരപ്പ് ഉയരുന്നു. 85 മില്ലിമീറ്റര്‍ മഴയാണ് വെള്ളരിക്കുണ്ട് താലൂക്കിൽ രേഖപ്പെടുത്തിയത്.
കുമ്പളയിലെ ഉളുവാർ, കളായി, തളങ്കര കടവത്ത്, കൊപ്പൽ കോളനി, നീലേശ്വരം നഗരസഭയിലെ പാലായി, നീലായി, ചാത്തമത്ത്, പൊടോത്തുരുത്തി, കാര്യങ്കോട്, ഓർച്ച മുണ്ടേമാട് ദ്വീപ്, കിനാനൂർ-കരിന്തളം, കയ്യൂർ-ചീമേനി തുടങ്ങിയ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. വെള്ളരിക്കുണ്ട് കോട്ടഞ്ചേരി മല, പനത്തടി പഞ്ചായത്തിലെ ചാമുണ്ഡിക്കുന്ന്, തുമ്പോടി എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. കാലവർഷത്തിൽ ഇതുവരെയായി പത്ത് വീട് പൂർണമായും 107 വീടുകള്‍ ഭാഗികമായും തകർന്നു. പൊയിനാച്ചി - ബന്തടുക്ക റോഡിൽ പുന്നക്കാലിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. വെള്ളരിക്കുണ്ട് താലൂക്കിൽ 34 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കാര്യങ്കോട് തേജസ്വിനി പുഴയിൽ വെള്ളം ഉയർന്നതിനാൽ കിനാനൂർ വില്ലേജിൽ 10 പുരുഷന്മാരും ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പടെ 18 കുടുംബങ്ങളേയും സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പടെ കരിന്തളം വില്ലേജിലെ നാല് കുടുംബങ്ങളേയും ചൈത്ര വാഹിനിയിൽ വെള്ളം ഉയർന്നതിനാൽ മാലോത്ത് വില്ലേജിലെ 21 പുരുഷന്മാരും 39 സ്ത്രീകളും ഉൾപ്പെടെ 25 കുടുംബങ്ങളെയുമാണ് മാറ്റി പാർപ്പിച്ചത്. മാലോത്ത് മാറ്റി പാർപ്പിച്ചവരിൽ 7 കുട്ടികളും ഉൾപ്പെടുന്നു. 85 മില്ലിമീറ്റര്‍ മഴയാണ് വെള്ളരിക്കുണ്ട് താലൂക്കിൽ രേഖപ്പെടുത്തിയത്.