കാസർകോട് : ഏകീകൃത സിവിൽ കോഡ് രാജ്യത്തിന്‍റെ ബഹുസ്വരതയെ ബാധിക്കുന്ന പ്രശ്‌നമാണെന്നും അതിനെ കോൺഗ്രസ് ഒരിക്കലും അനുകൂലിക്കില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ബിജെപിയുടെ ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. വിഷയത്തിൽ സിപിഎം കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുന്നുവെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ഇന്ത്യയുടെ ഭരണഘടന പൗരന്മാര്‍ക്ക് നൽകിയ അവകാശങ്ങൾ നിഷേധിക്കുകയാണ്. വിഷയത്തിൽ കോൺഗ്രസ് അനുകൂല നിലപാട് എടുത്താൽ ശക്തമായി എതിർക്കുമെന്നും ഉണ്ണിത്താൻ പറഞ്ഞു.
എന്താണ് ഏകീകൃത സിവില്‍ കോഡ്: വിവിധ മത വിഭാഗത്തിലുള്ള വിശ്വാസികളുള്ള രാജ്യമാണ് ഇന്ത്യ. ഭൂരിപക്ഷവും ജീവിതം മുന്നോട്ട് നയിക്കുന്നത് അവരുടെ ആത്മീയതയുടെയും മതവിശ്വാസത്തിന്‍റെയും അടിസ്ഥാനത്തിലാണ്. ഓരോ മതവിഭാഗങ്ങള്‍ക്കും അവരുടേതായ വിശ്വാസ പ്രമാണങ്ങളുണ്ട്.
അതുകൊണ്ടാണ് രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുന്നതിനെതിരെ ഇത്രയും വിമര്‍ശനങ്ങളും മുറവിളികളും ഉയരുന്നത്. മുഴുവന്‍ മതവിഭാഗങ്ങള്‍ക്കും ബാധകമാകുന്ന തുല്യമായ നിയമങ്ങള്‍ കൊണ്ടുവരുന്നതാണ് ഏകീകൃത സിവില്‍ കോഡ് അല്ലെങ്കില്‍ യൂണിഫോം സിവില്‍ കോഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇന്ത്യയില്‍ ഇത്തരം നിയമങ്ങള്‍ കൊണ്ടുവരണമെന്ന ചര്‍ച്ചകള്‍ കൊളോണിയല്‍ കാലഘട്ടം മുതലുള്ളതാണ്. പ്രത്യേകമായുള്ള വ്യക്തിനിയമങ്ങള്‍ അവസാനിപ്പിച്ച് മുഴുവന്‍ ജനതയ്ക്കും ബാധകമാകുന്ന രീതിയിലുള്ള ഒരു വ്യക്തി നിയമ സംഹിതയാണ് ഏകീകൃത സിവില്‍ കോഡ്. വിവാഹം, വിവാഹ മോചനം, പരമ്പരാഗത സ്വത്ത്, കുട്ടികളെ ദത്തെടുക്കല്‍, ജീവനാംശം തുടങ്ങി മതങ്ങളെ അടിസ്ഥാനമാക്കി നടപ്പിലാക്കുന്ന മുഴുവന്‍ കാര്യങ്ങളും എല്ലാവര്‍ക്കും തുല്യമാക്കുന്ന നിയമമാണിത്.
also read:ഏകീകൃത സിവില്‍ കോഡ് : ന്യൂനപക്ഷ കേന്ദ്രീകരണം സിപിഎം ലക്ഷ്യം, ഇടതുപാര്‍ട്ടിയുടെ ശ്രമം ഹിന്ദു-മുസ്ലിം പ്രശ്‌നമുണ്ടാക്കാനെന്ന് കോണ്‍ഗ്രസ്
സിവില്‍ കോഡിനെതിരെ വിമര്‍ശനങ്ങള്‍ ശക്തം :യൂണിഫോം സിവില്‍ കോഡ് നടപ്പാക്കുന്നതിനെതിരെ വിവിധയിടങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. സിവില്‍ കോഡ് നടപ്പാക്കുന്നത് ഹിന്ദുത്വ അജണ്ടയാണെന്നും അതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയുള്ള ആദ്യ പടിയെന്നോണം കോഴിക്കോട് വച്ച് പരിപാടി സംഘടിപ്പിക്കുമെന്നും ജാതി, മത, രാഷ്‌ട്രീയ ഭേദമന്യ എല്ലാവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. സിപിഎമ്മിന് പുറമെ മുസ്‌ലിം ലീഗും സമസ്‌തയും കോണ്‍ഗ്രസുമെല്ലാം ഏക സിവില്‍ കോഡിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
യോഗം നടത്താന്‍ മുസ്‌ലിം ലീഗ് : ഏകീകൃത സിവില്‍ കോഡിനെതിരായ പ്രതിഷേധ പരിപാടികളെ കുറിച്ച് തീരുമാനമെടുക്കുന്നതിന് നാളെ (ജൂണ്‍ 4) കോഴിക്കോട് മുസ്‌ലിം ലീഗ് യോഗം വിളിച്ചിട്ടുണ്ട്. ഏകീകൃത സിവില്‍ കോഡിനെതിരെ ഏങ്ങനെ പ്രതിഷേധിക്കണമെന്നും അതിനെ ഏതിര്‍ക്കുന്നതിനുള്ള പദ്ധതികളെ കുറിച്ചുമാകും ചര്‍ച്ചയുണ്ടാവുക. അതേസമയം കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി വിളിച്ച യോഗത്തില്‍ പങ്കെടുക്കുന്നുണ്ടോയെന്ന കാര്യത്തില്‍ മുസ്‌ലിം ലീഗ് തീരുമാനം എടുത്തിട്ടില്ല.