കേരളം

kerala

ETV Bharat / state

'ആ പൊലീസുകാര്‍ രക്ഷിച്ചിരുന്നെങ്കില്‍ അവന്‍ ഇന്നും...' നോവായി ശശിധരന്‍, എട്ടുവര്‍ഷത്തിനിപ്പുറവും നീതി തേടി കുടുംബം

2014 ജനുവരി 30 നായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ചിറപ്പുറത്തെ കടയ്ക്കു മുന്നില്‍ സംസാരിച്ചു നിന്ന ശശിധരനെയും സുഹൃത്തിനെയും നീലേശ്വരം പൊലീസ് ഓടിക്കുകയായിരുന്നു. കിണറ്റില്‍ വീണ ഇരുവരെയും രക്ഷിക്കാന്‍ പൊലീസുകാര്‍ ശ്രമിച്ചില്ലെന്നാണ് ആരോപണം.

man death police issue  Chirappuram Sasidharan death  Police involvement in Chirappuram Sasidharan death  Nileshwaram police  Chirappuram Sasidharan death  ശശിധരന്‍  ചിറപ്പുറം ശശിധരന്‍  ചിറപ്പുറം ശശിധരന്‍റെ മരണം  ചിറപ്പുറം ശശിധരന്‍റെ മരണത്തില്‍ പൊലീസ് ഇടപെടല്‍  നീലേശ്വരം പൊലീസ്  ചിറപ്പുറം ഗ്രാമം
നോവായി ശശിധരന്‍

By

Published : Dec 15, 2022, 2:42 PM IST

നീതി തേടി ശശിധരന്‍റെ കുടുംബം

കാസര്‍കോട്: 'ആ പൊലീസുകാർ അപ്പോൾ തന്നെ രക്ഷിച്ചിരുന്നെങ്കിൽ ചിലപ്പോ അവൻ ഇന്നും ജീവിച്ചിരുന്നേനെ. മുപ്പത് മിനിട്ടാണ് ആരും രക്ഷിക്കാനില്ലാതെ ആ പൊട്ടക്കിണറ്റിൽ ഞങ്ങൾ കിടന്നത്'. എട്ടുവർഷം മുന്‍പുനടന്ന സംഭവമായിരുന്നിട്ടും ഗണേശന് ഇപ്പോഴും ഭയം മാറിയിട്ടില്ല.

സിനിമ കഥയെ വെല്ലുന്ന സംഭവ വികാസങ്ങൾക്കാണ് 2014 ജനുവരി 30 ന് ചിറപ്പുറം ഗ്രാമം സാക്ഷ്യം വഹിച്ചത്. അന്നേദിവസം ജോലി കഴിഞ്ഞ് മടങ്ങിയ ശശിധരനും സുഹൃത്തുക്കളായ ഗണേശനും സജിത്തും വൈകിട്ട് 7മണിയോടെ ചിറപ്പുറത്തെ കടയ്ക്ക് മുന്നില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്നു. ഈ സമയം നീലേശ്വരം പൊലീസിന്‍റെ ഒരു സംഘം അതുവഴി കടന്നുപോയി. മുന്നോട്ടുപോയ ജീപ്പ് പിന്നോട്ടുവന്ന് ശശിധരനോടും സുഹൃത്തുക്കളോടും അവിടെ നിന്ന് പോകാന്‍ ആവശ്യപ്പെട്ടു.

തങ്ങളുടെ പതിവ് കേന്ദ്രമായതിനാല്‍ അവിടെ നില്‍ക്കുന്നതില്‍ മൂന്നുപേര്‍ക്കും അസ്വാഭാവികമായി ഒന്നും തോന്നിയില്ല. പൊടുന്നനെ പൊലീസ് ലാത്തി വീശി. സജിത്തിനെ മര്‍ദിക്കുന്നത് കണ്ട് ഭയന്ന ശശിധരനും ഗണേശനും പിന്നോട്ടോടി. ഓടുന്നതിനിടെ രണ്ടുപേരും സമീപത്തെ കിണറ്റില്‍ വീണു. പിന്നാലെ പൊലീസ് എത്തിയെങ്കിലും അവരെ രക്ഷപ്പെടുത്തിയില്ലെന്നാണ് ഗണേശൻ പറയുന്നത്.

അരമണിക്കൂറില്‍ അധികം രണ്ടുപേരും കിണറ്റില്‍ തന്നെയായിരുന്നു. നാട്ടുകാരെത്തിയാണ് ഇരുവരെയും ഉയര്‍ത്തി കരയ്‌ക്കെത്തിച്ചത്. ശശിധരന്‍ എന്ന 27 കാരന്‍ മരിക്കുകയും ഗണേശന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. ബോധം നഷ്‌ടപ്പെട്ടിരുന്ന ഗണേശന്‍ ഉറ്റ സുഹൃത്തിന്‍റെ മരണവിവരം അറിഞ്ഞത് പിറ്റേ ദിവസമാണ്.

പൊലീസിനെതിരെ മൊഴി നല്‍കാതിരിക്കാന്‍ ഗണേശനും വീട്ടുകാര്‍ക്കും ഭീഷണി ഉണ്ടായിരുന്നു. മാറി മാറി വന്ന അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ നടന്ന സംഭവം വള്ളിപുള്ളി തെറ്റാതെ പറഞ്ഞിട്ടും നീതി ലഭിച്ചില്ലെന്ന് ഗണേശൻ പറയുന്നു. ആദ്യഘട്ടത്തിൽ ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ പൊലീസുകാര്‍ക്ക് ക്ലീൻ ചിറ്റാണ് നൽകിയത്.

അന്നത്തെ നീലേശ്വരം എസ്ഐ കെടി മൈക്കിളിനെതിരെയുള്ള നടപടി സസ്പെൻഷനിൽ ഒതുങ്ങി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.

സംസ്ഥാന പൊലീസ് മേധാവിയും വിശദീകരണം നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. വൈകിയാണെങ്കിലും നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ശശിധരന്‍റെ കുടുംബവും സുഹൃത്ത് ഗണേശനും.

ABOUT THE AUTHOR

...view details