കാസർകോട്:പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ മംഗളൂരുവിൽ പൊലീസ് നടത്തിയത് നരനായാട്ടെന്ന് യുഡിഎഫ് ജനപ്രതിനിധി സംഘം. മംഗളൂരുവില്‍ പ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും മാധ്യമ പ്രവർത്തകരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് യുഡിഎഫ് ജനപ്രതിനിധി സംഘം സന്ദര്‍ശനം നടത്തിയത്.
മംഗളൂരുവില്‍ പൊലീസ് നടത്തിയത് നരനായാട്ടെന്ന് യുഡിഎഫ്
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ രണ്ട് പേർ കൊല്ലപ്പെട്ട മംഗളൂരുവില്‍ യുഡിഎഫ് ജനപ്രതിനിധി സംഘം സന്ദർശനം നടത്തി
മംഗളൂരുവിൽ ഇപ്പോഴും ഭയാനകമായ സാഹചര്യമാണെന്ന് കെ. സുധാകരൻ എംപി പറഞ്ഞു. പ്രതിഷേധങ്ങൾക്ക് പിന്നിൽ മലയാളികളാണെന്ന കർണാടക സർക്കാരിന്‍റെ പ്രചാരണം വ്യാജമാണെന്നും സംഭവങ്ങളിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ വീടുകളിലും പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളിലും സംഘം സന്ദർശനം നടത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി യുഡിഎഫ് സംഘം കൂടിക്കാഴ്ച നടത്തി. മംഗളുരുവിൽ ഇപ്പോഴും നിരോധനാജ്ഞ നിലനിൽക്കുകയാണ്. നാളെ അർധരാത്രി വരെ നിരോധനാജ്ഞ തുടരും. അതേസമയം മംഗളുരുവിലുണ്ടായ വെടിവെപ്പിൽ കർണാടക സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.