പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളുന്നത് ജനവാസ മേഖലയിൽ കാസർകോട് : ബ്രഹ്മപുരം കണ്ടും പഠിച്ചില്ല, കാസർകോട് കുറ്റിക്കോൽ പഞ്ചായത്തിൽ ഹരിതകർമ സേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളിയത് ജനവാസ മേഖലയിൽ. കഴിഞ്ഞ അഞ്ച് മാസത്തിലധികമായി ശേഖരിച്ച മാലിന്യങ്ങളാണ് ജനവാസ മേഖലയിലെ ഫാക്‌ടറി കെട്ടിടത്തിൽ കുമിഞ്ഞുകൂടിയിരിക്കുന്നത്.
വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നായി ശേഖരിച്ച മാലിന്യങ്ങൾ സൂക്ഷിക്കാൻ മറ്റിടങ്ങളില്ലാതായതോടെ പഞ്ചായത്ത് കണ്ടെത്തിയ മാർഗമാണ് ജനവാസ മേഖലയിൽ മാലിന്യം തള്ളുക എന്നത്. പുളുവിഞ്ചിയിലെ പൂട്ടിക്കിടക്കുന്ന കയർ ഫാക്‌ടറി മുഴുവൻ മാലിന്യ കൂമ്പാരമാണിപ്പോൾ.
കയർ ഫാക്‌ടറിക്കായി സ്ഥാപിച്ച യന്ത്രങ്ങൾ മുഴുവൻ തുരുമ്പുപിടിച്ച നിലയിലാണ്. ഈ യന്ത്രങ്ങൾക്കിടയിലാണ് ഒരു നാട്ടിലെ മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും കൊണ്ട് തള്ളിയിട്ടുള്ളത്. ഫാക്‌ടറിയുടെ ചുറ്റും നിരവധി വീടുകളുണ്ട്. തെരുവ് നായ്ക്കൾ കടിച്ച് വലിച്ച് മാലിന്യങ്ങൾ പലതും ചിതറിയ നിലയിലാണ്.
കൂടാതെ സാമൂഹ്യ വിരുദ്ധരുടെ താവളം കൂടി ആയിരിക്കുകയാണ് ഈ മേഖല. ഇതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. പലതവണ പരാതിപ്പെട്ടിട്ടും മാലിന്യം നീക്കാൻ നടപടിയില്ലാത്തതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കൊച്ചി ബ്രഹ്മപുരത്തുണ്ടായ തീപിടിത്തം പോലെയുള്ള ദുരന്തങ്ങൾ ഇവിടെ ഉണ്ടായാൽ ഒട്ടേറെ കുടുംബങ്ങളെ ബാധിക്കും.
അതേസമയം മാലിന്യ സംസ്‌കരണത്തിന് ഒരു സംവിധാനവും പഞ്ചായത്ത് പരിധിയിലില്ല എന്നതാണ് യാഥാർഥ്യം. നേരത്തെ മാലിന്യം ശേഖരിച്ചിരുന്നിടത്ത് അവ കുമിഞ്ഞ് കൂടിയതോടെയാണ് മുന്നും പിന്നും നോക്കാതെ പഞ്ചായത്ത് ഇത്തരമൊരു നടപടിയിലേക്ക് കടന്നത്. എന്നാൽ ഇത് താത്‌കാലിക പ്രതിസന്ധിയാണെന്നും ഉടൻ പരിഹാരം കാണുമെന്നുമാണ് പഞ്ചായത്ത് അധികൃരുടെ വിശദീകരണം.
ഇനിയെങ്കിലും ബ്രഹ്മപുരം പാഠമാക്കണം: നേരത്തെ ബ്രഹ്മപുരം തീപിടിത്തത്തിന് പിന്നാലെ കൊച്ചി കോര്‍പറേഷന് ദേശീയ ഹരിത ട്രിബ്യൂണൽ (എൻജിടി) 100 കോടി രൂപ പിഴയിട്ടിരുന്നു. പാരിസ്ഥിതിക നഷ്‌ടപരിഹാരം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തീപിടിത്തം ഉണ്ടായിട്ടും കൊച്ചി കോര്‍പറേഷന്‍ കൃത്യവിലോപം തുടര്‍ന്നുവെന്നും നടപടിയെടുത്തുകൊണ്ടുള്ള കുറിപ്പിൽ എൻജിടി വ്യക്‌തമാക്കിയിരുന്നു.
മാലിന്യ പ്ലാന്‍റിലെ തീകെടുത്താനുണ്ടായ കാലതാമസം സംസ്ഥാന സർക്കാരിന്‍റെ പരാജയമാണെന്നായിരുന്നു ഹരിത ട്രിബ്യൂണലിന്‍റെ അഭിപ്രായം. ബ്രഹ്മപുരം പ്ലാന്‍റുമായി ബന്ധപ്പെട്ട് ട്രിബ്യൂണൽ മുന്നറിയിപ്പ് നൽകിയിരുന്നതും ഇത് പരിഗണിക്കാത്തതും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ബ്രഹ്മപുരത്ത് അഗ്‌നിബാധയെ തുടർന്നുണ്ടായ പ്രതിസന്ധി 13 ദിവസത്തിന് ശേഷമാണ് താത്‌കാലികമായെങ്കിലും ഒഴിഞ്ഞത്. ഇതിനിടെ ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യം കത്തുകയും അന്തരീക്ഷത്തിലേക്ക് വിഷപ്പുക പടരുകയും ചെയ്‌തിരുന്നു. പുക ശ്വസിച്ചതിനെ തുടർന്ന് ആയിരത്തിലധികം ആളുകളായിരുന്നു ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സ തേടിയിരുന്നത്.
ALSO READ:മാലിന്യ സംസ്‌കരണം നിരീക്ഷിക്കാന്‍ പ്രത്യേക സമിതി; എറണാകുളം, തൃശൂര്‍ ജില്ലകള്‍ക്ക് പ്രത്യേക സംവിധാനം
പിന്നാലെ സേവനം ഉറപ്പുവരുത്തുന്നതിനായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിലുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ഉൾപ്പടെ സജ്ജമാക്കിയിരുന്നു. ഏക്കറുകൾ വ്യാപിച്ച് കിടക്കുന്ന മാലിന്യ പ്ലാന്‍റിനെ വിവിധ സെക്‌ടറുകളായി തിരിച്ചായിരുന്നു 13 ദിവസത്തോളമെടുത്ത് അഗ്നിശമന സേന തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയത്.
സ്ഥിതി ഏറ്റവുധികം ഗുരുതരമായിരുന്ന സെക്‌ടര്‍ ആറ്, ഏഴ് ഉൾപ്പടെയുള്ള മാലിന്യ കൂമ്പാരത്തിലെ പുകയണയ്ക്കാൻ കഴിഞ്ഞതോടെയാണ് ദിവസങ്ങൾ നീണ്ട കഠിന ദൗത്യം പൂർത്തിയാക്കിയത്.