കാസർകോട്: കളിയാട്ടക്കാവുകളിലെ തെയ്യാട്ട നഗരികളില്‍ ശ്രദ്ധയാകർഷിച്ച് യുവ ഫോട്ടോഗ്രാഫറുടെ തെയ്യം ചിത്ര പ്രദര്‍ശനം. ഉത്തരമലബാറില്‍ കെട്ടിയാടുന്ന അപൂര്‍വം തെയ്യങ്ങളുടെ ചിത്ര പ്രദർശനമാണ് നടക്കുന്നത്. 15 വര്‍ഷക്കാലം കൊണ്ട് പകർത്തിയ തെയ്യങ്ങളുടെ ചിത്രങ്ങളാണ് ഇവയെല്ലാം. സ്ഥിരമായി കെട്ടിയാടുന്നതും അപൂര്‍വമായി മാത്രം കണ്ടുവരുന്നതുമായി തെയ്യങ്ങളെല്ലാം ഷിജു രാജ് അടോട്ട് എന്ന ഫോട്ടോഗ്രാഫര്‍ തന്‍റെ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.
തെയ്യാട്ട നഗരികളില്‍ വേറിട്ട അനുഭവമായി തെയ്യം ചിത്ര പ്രദർശനം - theyyam photo exhibition
സ്ഥിരമായി കെട്ടിയാടുന്നതും അപൂര്‍വമായി മാത്രം കണ്ടുവരുന്നതുമായ തെയ്യങ്ങളെല്ലാം ഷിജുരാജ് അടോട്ട് എന്ന ഫോട്ടോഗ്രാഫര്‍ തന്‍റെ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്
ചുവന്ന പട്ടും കുരുത്തോലയും മുഖത്തെഴുത്തുമായുള്ള തെയ്യരൂപങ്ങളെല്ലാം മിഴിവാര്‍ന്ന ചിത്രങ്ങളായി കളിയാട്ടക്കാവുകളിലാണ് ഷിജു രാജ് പ്രദര്‍ശിപ്പിക്കുന്നത്. ജന്മനാടായ വെള്ളിക്കോത്ത് അടോട്ട് പാടാര്‍കുളങ്ങര ദേവസ്ഥാനത്ത് കളിയാട്ടം നടക്കുമ്പോള്‍ അവിടെയും തന്‍റെ ചിത്രങ്ങളുടെ പ്രദർശനം ഷിജുരാജ് നടത്തി.
നിരവധിയാളുകളാണ് ഷിജു രാജിന്‍റെ ചിത്ര പ്രദര്‍ശനം കാണാനെത്തുന്നത്. മിഴിവാര്‍ന്ന ഫ്രെയിമുകളില്‍ ജീവന്‍ തുടിക്കുന്ന തെയ്യക്കോലങ്ങളെയാണ് ഷിജു രാജ് പകര്‍ത്തിയിരിക്കുന്നത്. വയനാട് കുലവനും കണ്ടനാര്‍ കേളനും വിവിധ അമ്മ ദൈവങ്ങളും പുല്ലൂരാളിയുമെല്ലാം പ്രദര്‍ശനത്തിലുണ്ട്. നാട്ടിലെ കളിയാട്ടത്തില്‍ തന്‍റെ ശേഖരത്തിലുള്ള നൂറോളം ചിത്രങ്ങളാണ് ഷിജുരാജ് പ്രദര്‍ശിപ്പിക്കുന്നത്.