കാസർകോട് പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യ ആസൂത്രകനായ സിപിഎം ലോക്കല്‍ കമ്മറ്റിയംഗം പീതാംബരന്‍ കസ്റ്റഡിയില്‍. സിപിഎം അനുഭാവികളായ മുരളി, സജീവന്‍, ദാസന്‍ എന്നിവരടക്കം ഏഴു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. പാക്കം വെളുത്തോളിയില്‍ ഉപേക്ഷിച്ച നിലയില്‍ കാർ കണ്ടെത്തിയതിനെത്തുടർന്ന് സിപിഎം അനുഭാവിയായ ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാസർകോട് ഇരട്ട കൊലപാതകത്തിന്‍റെ ആസൂത്രകൻ പിടിയിൽ - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ
കൊലപാതകത്തിൽ പ്രതിഷേധിച്ച് കാസർകോട് വ്യാപക അക്രമം. പെരിയ ബസാറിൽ എകെജി മന്ദിരം ഒരു സംഘം തീയിട്ടു നശിപ്പിച്ചു. ടൗണിൽ നിറുത്തിയിട്ട പതിനഞ്ചോളം ബൈക്കുകളും ഒരു ഓട്ടോ റിക്ഷയും പ്രതിഷേധക്കാർ തകര്‍ത്തു. നിരവധി വീടുകൾ തീ വെക്കുകയും തല്ലി തകർക്കുകയും ചെയ്തു.
കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് സമൂഹമാധ്യമങ്ങൾ വഴി വധഭീഷണി മുഴക്കിയ കോളജ് വിദ്യാർഥി ഉൾപ്പെടെ രണ്ടു സിപിഎം പ്രവർത്തകരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രദേശത്തെ സിപിഎം പ്രവർത്തകർക്ക് കൊല്ലപ്പെട്ട യുവാക്കളോട് മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.
ഇതിനിടയിൽ പെരിയായിൽ സിപിഎം അംഗങ്ങളുടെ കടകൾക്ക് നേരെ വ്യാപക അക്രമങ്ങളാണ് ഉണ്ടായത്. വനിതാ സഹകരണസംഘത്തിനും ദിനേശ് ബീഡി കമ്പനിക്കും നേരെ അക്രമമുണ്ടായി. രാത്രിയോടെ കല്ലോട്ടിന് സമീപം ഫർണീച്ചർ കട ഒരു സംഘം പൂർണ്ണമായും തീവെച്ചു നശിപ്പിച്ചു. അതെസമയം, പ്രദേശത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് ഇന്ന് പെരിയയിലെത്താനിരുന്ന എൽഡിഎഫ് നേതാക്കളുടെ സന്ദർശനം റദ്ദാക്കി.