കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ നീതി നിഷേധം തുടരുന്നതായി കുടുംബാംഗങ്ങൾ. അന്വേഷണം തുടരാൻ സാധിക്കുന്നില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചിരന്നു. ഇതിനുപിന്നാലെയാണ് കൊല്ലപ്പെട്ട കൃപേഷിന്‍റെയും, ശരത് ലാലിന്‍റെയും രക്ഷിതാക്കൾ രംഗത്ത് എത്തിയത്. ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ച് കേസ് സി.ബി.ഐക്ക് വിട്ട് ഒരു വർഷമാകുമ്പോഴും നീതി അകലെയാണെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ പറയുന്നു.
പെരിയ ഇരട്ടക്കൊലപാതകം; നീതി നിഷേധം തുടരുന്നതായി കുടുംബാംഗങ്ങൾ
ക്രൈം ബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ച്, കേസ് സി.ബി.ഐക്ക് വിട്ട് ഒരു വർഷമാകുമ്പോഴും നീതി അകലെയാണെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ പറയുന്നു.
കഴിഞ്ഞ സപ്തംബർ 30 ന് വന്ന വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിനെ തുടർന്നാണ് നിലവിൽ കേസ് അന്വേഷണം അനിശ്ചിതത്വത്തിലായത്. വാദം പൂർത്തിയായി എട്ട് മാസം പിന്നിട്ടിട്ടും ഡിവിഷൻ ബഞ്ച് തീരുമാനം വൈകുകയാണ്. ഇതിനിടെയാണ് പ്രതികളിൽ ചിലർ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ അന്വേഷണം നടത്തുന്നതിലെ പ്രതിസന്ധി സി.ബി.ഐ കോടതിയെ ധരിപ്പിച്ചത്.
നിലവിലെ സാഹചര്യം തെളിവുകൾ നശിപ്പിക്കുന്നതിന് ഇടയാക്കുമെന്നാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വാദം. സി.ബി.ഐ പലതവണ ആവശ്യപ്പെട്ടിട്ടും കേസ് ഡയറി നൽകിയില്ലെന്നും കേസ് അന്വേഷിക്കാൻ വേണ്ട സകല രേഖകളും സി.ബി.ഐക്ക് കൈമാറണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ആവശ്യപ്പെട്ടു. പ്രതികൾക്കായി ചില്ലിക്കാശ് കാശ് ഇനി ചെലവാക്കില്ല എന്ന് പറയാൻ സർക്കാർ ആർജവം കാണിക്കണം. സി.പി.എം എന്തൊക്കെയോ ഭയപ്പെടുന്നു എന്നതിന് തെളിവാണ് ഇപ്പോഴത്തെ നടപടിയൊന്നും എം.പി ആരോപിച്ചു. 2019 ഫെബ്രവരി 17 ന് കല്യോട്ട് വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും, ശരത് ലാലും വെട്ടേറ്റ് മരിച്ച സംഭവത്തിൽ പെരിയ സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരനുൾപ്പടെ 14 സിപിഎം പ്രവർത്തകരാണ് പ്രതികൾ.