കാസർകോട് :പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം പ്രവർത്തകരുടെ വക്കാലത്ത് ഏറ്റെടുത്ത് സി കെ ശ്രീധരൻ. പ്രതികളായ ഒൻപത് സിപിഎം പ്രവർത്തകരുടെ വക്കാലത്താണ് കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ സി കെ ശ്രീധരൻ ഏറ്റെടുത്തത്. കേസിൽ കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബങ്ങള്‍ക്ക് ഹൈക്കോടതിയിൽ നിയമസഹായം നൽകിയത് ശ്രീധരൻ ആയിരുന്നു.
എന്നാൽ, സിപിഎമ്മിലേക്ക് കൂടുമാറിയതിന് പിന്നാലെയാണ് കേസിലും ചേരിമാറ്റം. വെള്ളിയാഴ്‌ച കേസ് പരിഗണിച്ചപ്പോൾ എറണാകുളം സിബിഐ (രണ്ട്) കോടതിയിൽ ഇദ്ദേഹം ഹാജരായിരുന്നു. മുൻ കെപിസിസി വൈസ് പ്രസിഡന്‍റായ സി കെ ശ്രീധരൻ ആഴ്‌ചകൾക്ക് മുൻപാണ് സിപിഎമ്മിൽ ചേർന്നത്.
അതിനുശേഷം ശ്രീധരൻ ഏറ്റെടുക്കുന്ന ആദ്യ രാഷ്ട്രീയ കൊലപാതക കേസ് കൂടിയാണിത്. മുൻ എംഎൽഎയും സിപിഎം ജില്ല സെക്രട്ടറിയേറ്റംഗവുമായ കെ വി കുഞ്ഞിരാമൻ, സിപിഎം മുൻ ഉദുമ ഏരിയ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ കെ മണികണ്‌ഠൻ, പാർട്ടി പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്‌ണൻ, പാക്കം ലോക്കൽ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറിയുമായ രാഘവൻ വെളുത്തോളി, കേസിലെ ഒന്നാം പ്രതി മുൻ പെരിയ ലോക്കൽ കമ്മിറ്റിയംഗം എ പീതാംബരൻ എന്നിവരുൾപ്പടെ ഒൻപത് പ്രതികൾക്കുവേണ്ടിയാണ് സി കെ ശ്രീധരൻ വിചാരണക്കോടതിയിൽ ഹാജരാവുക.
കേസിൽ 24 പ്രതികളാണുള്ളത്. മറ്റ് പ്രതികൾക്കായി മൂന്ന് അഭിഭാഷകർ വാദിക്കും. ഫെബ്രുവരി രണ്ട് മുതൽ മാർച്ച് എട്ടുവരെയാണ് വിചാരണ. അതേസമയം പെരിയ കേസിൽ ഒൻപത് പ്രതികളുടെ വക്കാലത്ത് താൻ ഏറ്റെടുത്തത് സിപിഎം നിർദ്ദേശ പ്രകാരമല്ലെന്നാണ് അഡ്വ സി കെ ശ്രീധരന്‍റെ വാദം.