കാസര്‍കോട്: ഏഴ് നൂറ്റാണ്ടിന് ശേഷം വിരുന്നെത്തുന്ന പെരുങ്കളിയാട്ടത്തെ വരവേല്‍ക്കാനൊരുങ്ങി പെരിയ കല്യോട്ട് ഗ്രാമം. 717 വര്‍ഷങ്ങൾക്ക് ശേഷമാണ് ഉത്തര കേരളത്തിലെ പ്രമുഖ യാദവ കഴകമായ കല്യോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഭഗവതിയുടെ തിരുമുടി ഉയരാന്‍ പോകുന്നത്. ക്ഷേത്ര തിരുമുറ്റത്ത് കാല്‍ച്ചിലമ്പുയരുമ്പോള്‍ നാടാകെ ഉത്സവഛായയിലാണ്.
പെരുങ്കളിയാട്ട നിറവില്‍ കല്യോട്ട് ഗ്രാമം - കല്യോട്ട് ഗ്രാമം
717 വര്‍ഷങ്ങൾക്ക് ശേഷം ക്ഷേത്ര തിരുമുറ്റത്ത് കാല്‍ച്ചിലമ്പുയരുമ്പോള്‍ നാടാകെ ഉത്സവഛായയിലാണ്
നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന പെരുങ്കളിയാട്ടത്തിന് തെയ്യങ്ങള്‍ കെട്ടിയാടിയ ക്ഷേത്രസന്നിധിക്ക് സമീപത്തെ വയലില്‍ തന്നെയാണ് ഇക്കുറിയും തെയ്യങ്ങളുടെ വരവിളി ഉയരുക. ഡിസംബര്‍ 23 മുതല്‍ തുടങ്ങുന്ന പെരുങ്കളിയാട്ടത്തില്‍ അമ്പതിലേറെ തെയ്യങ്ങള്‍ കെട്ടിയാടും. ഉത്സവത്തിന്‍റെ അന്നദാനപ്പുരയിലേക്കും നിവേദ്യപ്പുരയിലേക്കുമുള്ള തഴപ്പായകളും കുടകളും കമലപിലാവ് ആദിവാസി ഊരുകളിലാണ് തയ്യാറാക്കുന്നത്. കമലപിലാവിലെ കല്ലളനാണ് മുളകള്‍ കൊണ്ടുള്ള കുട്ടകള്‍ നിര്‍മിക്കുന്നത്. കൈതോല കൊണ്ടുള്ള തഴപ്പായകള്‍ ഒരുക്കുന്നത് പ്രദേശത്തെ വീട്ടമ്മമാരാണ്. ദൈവ സാന്നിധ്യത്തിനുള്ള നിവേദ്യങ്ങള്‍ വിളമ്പുന്നതിനും കോലധാരികള്‍ക്കുള്ള അണിയറയിലേക്കുമായാണ് തഴപ്പായകള്‍ ഒരുക്കുന്നത്.
പെരുങ്കളിയാട്ട സന്ദേശമുയര്‍ത്തി പതിനാറിന് കാഞ്ഞങ്ങാട് നിന്നും അശ്വസന്ദേശ യാത്ര പുറപ്പെടും. ഇതിനായി സംഘാടക സമിതി പ്രവര്‍ത്തനമാരംഭിച്ചു. പെരുങ്കളിയാട്ടത്തിന്‍റെ ആഘോഷക്കമ്മിറ്റി രൂപീകരണ ദിവസമായിരുന്നു കല്യോട്ട് നാടിനെ ഞെട്ടിച്ച പെരിയ ഇരട്ടക്കൊലപാതകം നടന്നത്. ക്ഷേത്രകാര്യങ്ങളില്‍ സജീവമായിരുന്ന ശരത് ലാല്‍, കൃപേഷ് എന്നിവരുടെ വേര്‍പാട് പെരുങ്കളിയാട്ട ദിനങ്ങളില്‍ നാടിന്‍റെ നൊമ്പരമായി നിലനില്‍ക്കും.