കർണാടക അതിർത്തി വഴിയുള്ള യാത്രക്കാർക്ക് ഇനി പാസ് വേണ്ട
പാസിന് പകരമായി ഇനി മുതൽ ആന്‍റിജൻ പരിശോധന നടത്തി ലഭിക്കുന്ന നെഗറ്റീവ് സർട്ടിഫിക്കറ്റ് സഹിതം കൊവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്ട്രേഷൻ നടത്തണം.
കാസർകോട്: കാസർരകോട് ജില്ലയില്‍ നിന്ന് കർണാടകയിലേക്കും തിരിച്ചും ദിവസേനയുള്ള യാത്രക്കാർക്ക് ഇനി പാസ് ആവശ്യമില്ല. കൊറോണ കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പാസിന് പകരമായി ഇനി മുതൽ ആന്‍റിജൻ പരിശോധന നടത്തി ലഭിക്കുന്ന നെഗറ്റീവ് സർട്ടിഫിക്കറ്റ് സഹിതം കൊവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്ട്രേഷൻ നടത്തണം. തലപ്പാടിയിലെ അതിർത്തി ചെക്ക്പോസ്റ്റിൽ ഇതിനാവശ്യമായ പരിശോധന നടത്തുന്നതിന് ജില്ലാ മെഡിക്കൽ ഓഫിസ് സംവിധാനം ഒരുക്കും. യാത്രക്കാരുടെ വിവരങ്ങളെല്ലാം സൂക്ഷിക്കും. നിലവിൽ യാത്രാനുമതി ഉള്ള ദേശീയപാതക്ക് പുറമേ ദക്ഷിണ കർണാടകയുമായി അതിർത്തി പങ്കിടുന്ന പാണത്തൂർ, പെർള, മാണിമൂല, ജൽസൂർ റോഡുകൾ വഴി യാത്ര ചെയ്യുന്നതിനും അനുമതി നൽകി. ഇതിലൂടെ യാത്ര ചെയ്യുന്നവരും ആന്‍റിജൻ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അതിർത്തി മേഖലയിലെ പരിശോധനകൾക്ക് അതത് പ്രദേശത്തെ പഞ്ചായത്ത് സംവിധാനം ഒരുക്കും. അതിർത്തി പഞ്ചായത്തിലേക്ക് മാത്രമായി കർണാടകയിൽ നിന്നും വരുന്നവരെ രജിസ്ട്രേഷൻ കൂടാതെ പ്രവേശിപ്പിക്കും. എന്നാൽ അങ്ങനെ വരുന്നവർ മറ്റു പഞ്ചായത്തുകളിലേക്ക് പ്രവേശിക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തിന്‍റെ ചുമതല ആയിരിക്കുമെന്നും ജില്ലാ കലക്‌ടർ അറിയിച്ചു.