കാസര്‍കോട് : കൊവിഡ് ചട്ടങ്ങൾ ലംഘിച്ച മഞ്ചേശ്വരത്തെ സിപിഎം നേതാവിനെതിരെ നടപടിക്ക് ജില്ലാ നേതൃത്വം. ഗുരുതരമായ അച്ചടക്ക ലംഘനമാണുണ്ടായതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ മാസ്റ്റർ പറഞ്ഞു. പ്രോട്ടോകോൾ ലംഘിച്ച് ബന്ധുവിനെ അതിർത്തിയിൽ നിന്നും കൊണ്ടുവന്ന മഞ്ചേശ്വരം ഏരിയാ കമ്മിറ്റിയംഗം അബ്ദുല്‍ റസാഖ് ചിപ്പാറിനെതിരെ മഞ്ചേശ്വരം പൊലീസ് എപ്പിഡമിക് ആക്ട് പ്രകാരം കേസെടുത്തിരുന്നു. ഇതോടെയാണ് സിപിഎം ജില്ലാ നേതൃത്വം ഇയാൾക്കെതിരെ അച്ചടക്കനടപടിക്ക് ഒരുങ്ങുന്നത്. നേതാവിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായ തെറ്റ് ന്യായീകരിക്കാൻ പറ്റുന്നതല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ മാസ്റ്റർ പറഞ്ഞു.
കൊവിഡ് ചട്ടങ്ങൾ ലംഘിച്ച മഞ്ചേശ്വരത്തെ സിപിഎം നേതാവിനെതിരെ പാര്‍ട്ടി നടപടി - കാസര്‍കോട് കൊവിഡ് വാര്‍ത്തകള്‍
പ്രോട്ടോകോൾ ലംഘിച്ച് ബന്ധുവിനെ അതിർത്തിയിൽ നിന്നും കൊണ്ടുവന്ന മഞ്ചേശ്വരം ഏരിയാ കമ്മിറ്റിയംഗം അബ്ദുൾ റസാഖ് ചിപ്പാറിനെതിരെ മഞ്ചേശ്വരം പൊലീസ് എപ്പിഡമിക് ആക്ട് പ്രകാരം കേസെടുത്തിരുന്നു.
എന്നാൽ അച്ചടക്ക നടപടി എങ്ങനെയെന്നതിൽ നേതൃത്വം വ്യക്തത വരുത്തിയിട്ടില്ല. മെയ് 14നാണ് സിപിഎം നേതാവിന് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ സഞ്ചാരപാത ആശങ്കപ്പെടുത്തുന്നതാണെന്ന് ആരോഗ്യ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇയാൾ ഒരു രോഗിയെയും കൊണ്ട് ജില്ലാ ആശുപത്രിയിലെ കാൻസർ വാർഡിൽ ഉൾപ്പടെ നിരവധി ഇടങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. ഇതോടെ ഡോക്ടർമാരും നഴ്സുമാരുമടക്കം ഏഴുപതോളം പേർക്കാണ് നിരീക്ഷണത്തിൽ പോകേണ്ടി വന്നതും കാൻസർ ഒപി അടച്ചിടുന്ന സ്ഥിതിയുണ്ടായതും.
കാൻസർ രോഗിയെ എക്സ് റേയ്ക്ക് വിധേയമാക്കിയ ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിൽ നിന്നും അതിർത്തി കടന്നെത്തിയ ബന്ധുവിൽ നിന്നും ഇയാളും ഭാര്യയും ഉൾപ്പെടെ കുടുംബത്തിലെ നാല് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പഞ്ചായത്തംഗമായ ഭാര്യ പഞ്ചായത്ത് ഭരണ സമിതി യോഗത്തിലും പങ്കെടുത്തതായാണ് സൂചന.