കാസർകോട്: ആദ്യമായി കാസർകോട് സര്‍ക്കാര്‍ മേഖലയില്‍ ന്യൂറോളജിസ്റ്റിന്‍റെ സേവനം. കാസര്‍കോട് മെഡിക്കല്‍ കോളജില്‍ ഒപി തുടങ്ങുന്നതിന് മുന്നോടിയായാണ് ന്യൂറോളജിസ്റ്റിനെ നിയമിച്ചത്. മെഡിക്കൽ കോളജിൽ നിന്നും നഴ്‌സുമാർ അടക്കമുള്ള ജീവനക്കാരെ സ്ഥലം മാറ്റിയത് ഏറെ പ്രതിഷേധത്തിനു കാരണമായിരുന്നു.
ഇതോടെ മെഡിക്കൽ കോളജിന്‍റെ പ്രവർത്തനം തുടങ്ങുന്നത് നീണ്ടുപോകും എന്ന ആശങ്കയും ജനങ്ങൾക്ക് ഉണ്ടായിരുന്നു. എന്നാൽ ഈ ആശങ്കകൾക്ക് വിരാമമിട്ടാണ് ന്യൂറോളജിസ്റ്റിനെ നിയമിച്ചത്.
അതേസമയം കാസർകോട് ഗവ. മെഡിക്കൽ കോളജിൽ ജനറൽ ഒപി മൂന്നിന് തുടങ്ങും. ഇതിനായുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ന്യൂറോളജിസ്റ്റിന്‍റെ നിയമനത്തിലൂടെ നടപ്പിലാക്കുന്നത്. ദുരിതബാധിതരുടെ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന് മനസിലാക്കാനും ഭാവിയില്‍ മെഡിക്കല്‍ കോളജില്‍ ഇവരുടെ ചികിത്സയ്ക്കായി കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും ഇതിലൂടെ കഴിയുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.