കാസർകോട്:നീലേശ്വരത്ത് 16കാരിയെ പിതാവുൾപ്പെടെയുള്ള സംഘം പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഡോക്‌ടർമാരും മാതാവും പ്രതികൾ. ഗർഭ ഛിദ്രം നടത്തിയ ഡോ. അംബുജാക്ഷിക്കും സ്‌കാനിങ് നടത്തിയ മറ്റൊരു ഡോക്‌ടർക്കും എതിരെയാണ് നീലേശ്വരം പൊലീസ് കേസ് എടുത്തത്. പീഡന വിവരം മറച്ചു വെച്ചതിനാണ് മാതാവിനെ പോക്സോ ചേർത്ത് പ്രതി ചേർത്തത്. പെൺകുട്ടിയുടെ മാതാവ് ഗർഭം അലസിപ്പിക്കാൻ കൂട്ടുനിന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
നീലേശ്വരം പീഡനം; അമ്മയും ഡോക്‌ടർമാരും പ്രതികൾ
പീഡന വിവരം മറച്ചു വച്ചതിന് മാതാവിനെതിരെ പോക്സോ കേസ് എടുത്തു.
കേസിൽ പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ ആറ് പേരെ നേരത്തെ അറസ്റ്റു ചെയ്‌തിരുന്നു.കുട്ടിയുടെ ഭ്രൂണത്തിന്‍റെ ഡിഎൻഎ വിദഗ്‌ധ പരിശോധന നടത്താൻ കോടതി അനുമതിയോടെ കുഴിച്ചെടുത്തിരുന്നു. ഇതിന്‍റെ ഫലവും ഉടൻ ലഭിക്കും. നേരത്തെ സംഭവത്തിൽ അന്വേഷണം നടക്കുമ്പോൾ ഡോക്ടറുടെ പേരിൽ കേസ് എടുക്കാത്തതുമായി ബന്ധപ്പെട്ട് ജുവനൈൽ ജസ്റ്റിസ് ചെയർമാൻ അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് അയച്ചിരുന്നു.
കേസിൽ പെൺകുട്ടിയുടെ പിതാവ് പണം വാങ്ങിയല്ല മറ്റുള്ളവർക്ക് കൈമാറിയിരുന്നതെന്നായിരുന്നു പോലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ കൂടുതൽ അറസ്റ്റുകൾ സംഭവിച്ചതോടെ പണമിടപാടുകളെക്കുറിച്ചും സംശയം ഉയർന്നിരുന്നു. ഇതും അന്വേഷണത്തിലാണ്.