കാസര്‍കോട്: കേരളത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്‌നമായ ദേശീയപാത വികസന പ്രവർത്തനങ്ങൾ അതിവേഗത്തിൽ പൂർത്തീകരിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാരും ദേശീയപാത അതോറിറ്റിയും. സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ അതിവേഗമാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ദേശീയപാത വികസനം 2025 ഓടെ പൂർത്തിയാകുമെന്നാണ് സർക്കാർ വിലയിരുത്തലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.
കാസർകോടും ദേശീയപാത വികസന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. 2024 മേയ് 15നുള്ളിൽ പൂർത്തീകരിക്കുമെന്നാണ് സർക്കാറിന്‍റെ ഉറപ്പ്. തലപ്പാടി മുതൽ ചെങ്കള വരെ മുപ്പത്തിയൊമ്പത് കിലോമീറ്റർ ഊരാളുങ്കൽ സൊസൈറ്റിക്കും അവശേഷിക്കുന്ന ഭാഗം മേഘ കൺസ്‌ട്രഷൻ കമ്പനിക്കുമാണ് നിർമാണ ചുമതല.
നാല് മേൽപ്പാലങ്ങൾ ഉൾപ്പടെ ജില്ലയിലെ ആറുവരി പാത നിർമാണം അതിവേഗത്തിൽ പുരോഗമിക്കുന്നുവെന്നാണ് ദേശീയപാത അതോറിറ്റിയുടെയും, സർക്കാരിന്‍റെയും വിലയിരുത്തൽ. കുമ്പളയിലെ മേൽപ്പാലം ഈ വർഷം ഡിസംബറിലും, കാസർകോട് നഗരത്തിലെ മേൽപ്പാലം 2023 അവസാനത്തോടെയും നിർമാണം പൂർത്തിയാകും. ഇതോടെ കാസർകോടിന്‍റെ മുഖച്ഛായ തന്നെ മാറും.