സമര പോരാട്ടത്തിന്‍റെ ഗതകാല ഓർമകളുമായി നാരന്തട്ട തറവാട് കാസർകോട്:ഇതാണ് നാരന്തട്ട തറവാട്. ഈ മണ്ണിൽ സമര പോരാട്ടത്തിന്‍റെ ഗതകാല ഓർമകൾ ഇന്നും നിലനിൽക്കുന്നുണ്ട്. ബ്രിട്ടീഷ് അധിനിവേശ ഭരണത്തിനെതിരെ പ്രാദേശികമായ നിരവധി സമരങ്ങൾ നമ്മുടെ നാട്ടിൽ അരങ്ങേറിയിരുന്നു. അത്തരത്തിൽ ഒന്നാണ് കാസർകോട് കാടകത്തു നടന്ന വന സത്യാഗ്രഹ സമരം.
നമ്മുടെ വനസമ്പത്തിനെ കൊള്ളയടിക്കാൻ ഈസ്‌റ്റ് ഇന്ത്യ കമ്പനി കൊണ്ടു വന്ന വന നിയമത്തെ അപ്പാടെ എതിർത്തു കൊണ്ടാണ് കാസർകോട് താലൂക്കിലെ കാറഡുക്ക, മുളയാർ, ഇരിയണ്ണി തുടങ്ങി വനത്തിനോട് ചേർന്ന് കിടക്കുന്ന ഗ്രാമങ്ങളിലെ സാധാരണക്കാരായ ജനങ്ങൾ കാടകം എന്ന പ്രദേശത്ത് 1932 ഓഗസ്‌റ്റ് മാസത്തിൽ സത്യഗ്രഹ സമരം ആരംഭിച്ചത്. സമരത്തിന്‍റെ ആസൂത്രണം നടന്നത് കാടകത്തെ നാരന്തട്ട തറവാട്ടിലെ പത്തായപ്പുരയിൽ ആയിരുന്നു. ആദ്യമൊക്കെ സത്യഗ്രഹ രീതിയിൽ മുന്നോട്ടു പോയ സമരം പിന്നീട് നിയമലംഘന സമരമായി മാറി.
വനത്തിനുള്ളിൽ നിന്ന് വിഭവങ്ങൾ ശേഖരിക്കരുതെന്ന ബ്രീട്ടീഷ് കരി നിയമത്തെ എതിർത്ത് സമരഭടൻമാർ വനത്തിനുള്ളിൽ കടന്ന് മരങ്ങൾ മുറിച്ചു. പൊലീസ് സമരക്കാരെ അറസ്‌റ്റ് ചെയ്‌ത് ക്രൂരമായ മർദനം അഴിച്ചു വിട്ടു.
നാരന്തട്ട രാമൻ നായർ, നാരന്തട്ട കൃഷ്‌ണൻ നമ്പ്യാർ, എ.വി കുഞ്ഞമ്പു, കെ.എൻ കുഞ്ഞിക്കണ്ണൻ നായർ തുടങ്ങിയ നേതാക്കൾ സമരത്തിന്‍റെ ഭാഗമായി നിരവധി തവണ അറസ്‌റ്റ് ചെയ്യപ്പെട്ടു.
നാൽപത് ദിവസത്തോളം സമരം നീണ്ടു നിന്നു. പലപ്പോഴായി സമരക്കാർ പൊലീസിന്‍റെ കണ്ണു വെട്ടിച്ച് വനത്തിനുള്ളിൽ കടന്ന് നിയമം ലംഘിച്ചു. പി കൃഷ്‌ണപിള്ള അടക്കമുള്ള നേതാക്കൾ സമരത്തിന് ഊർജം നൽകി കാടകത്ത് എത്തിയിരുന്നു. ദേശീയ പ്രസ്ഥാനത്തിന്‍റെ നേത്യത്വത്തിൽ സ്വാതന്ത്ര്യ സമര പോരാട്ടം രാജ്യത്ത് കൊടുമ്പിരി കൊണ്ടിരുന്ന കാലത്താണ് കാസർകോടും ബ്രിട്ടീഷുകാരുടെ അധിനിവേശ നിയമത്തെ ലംഘിച്ചു കൊണ്ടുള്ള കാടകം വന സത്യഗ്രഹം അരങ്ങേറുന്നത്.
സത്യഗ്രഹത്തിന്‍റെ ഓര്‍മകള്‍ പേറി കാറഡുക്ക:വന സത്യഗ്രഹത്തിന്‍റെ ഓര്‍മകളുടെ ചരിത്രം കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൽ എത്തിയാൽ കാണാം. കഴിഞ്ഞ വർഷമാണ് ചരിത്ര സ്‌മാരകം നിർമിച്ചത്. സ്വതന്ത്ര്യ സമരത്തിന്‍റെ ഭാഗമായിരുന്ന കാടകം വന സത്യഗ്രഹത്തെ കുറിച്ച് പുതുതലമുറയെ ബോധവാന്മാരാക്കുകയാണ് ലക്ഷ്യം.
കാടകം വന സത്യഗ്രഹത്തിന്‍റെ ആകെയുള്ളൊരു ചരിത്രസ്‌മാരകം ഇത് മാത്രമാണ്. ബ്രിട്ടീഷുകാരുടെ അധിനിവേശ നിയമത്തെ ലംഘിച്ചു നടന്ന കാടകം വന സത്യഗ്രഹത്തിന് വർത്തമാനകാലത്ത് ഏറെ പ്രസക്തി ഉണ്ടെങ്കിലും ബ്രിട്ടീഷ് പൊലീസിന്‍റെ ഭീകരമായ മർദനങ്ങൾ ഏറ്റവുമധികം ഏറ്റുവാങ്ങുകയും വടക്കൻ കേരളത്തിലെ രാഷ്ട്രീയത്തെ അടിമുടി മാറ്റിയ പ്രസ്ഥാനത്തിന്‍റെ ഉദയവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാടകം സമരം രാഷ്ട്രീയ ചരിത്രത്തിൽനിന്ന് അവഗണിക്കപ്പെട്ടു. ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ നാടുവാഴിത്തത്തിനും ജമ്മിത്വത്തിനുമെതിരെ കാസർകോട് നടത്തിയ കര്‍ഷകരുടെ പ്രക്ഷോഭങ്ങള്‍ ഉജ്ജ്വലമായിരുന്നു.
കയ്യൂര്‍ സമരം, പാലായി, വിഷ്‌ണുമംഗലം, മധുരക്കാട് കൊയ്ത്ത് സമരം, ചീമേനി തോല്‍ വിറക് അവകാശ സമരം, കരിന്തളം, രാവണീശ്വരം, പുല്ലൂര്‍ മടിക്കൈ നെല്ലെടുപ്പ് സമരം എന്നിവയെല്ലാം ജമ്മിത്വത്തിനെതിരായ കര്‍ഷക പോരാട്ടങ്ങളായിരുന്നു. സ്വാതന്ത്ര്യസമര സ്‌മരണകളുമായി ബന്ധപ്പെട്ട് കാസർകോട് താലൂക്കിൽ നടന്ന സമരങ്ങളുടെ ചരിത്രത്തിൽ സുപ്രധാന സ്ഥാനമാണ് കാടകത്തെ പത്തായപ്പുരയ്ക്കുള്ളത്. കാടകം വനസത്യഗ്രഹത്തിന്‍റെ കേന്ദ്രം കൂടിയായിരുന്നു നാരന്തട്ട തറവാട്ടുകാരുടെ പത്തായപ്പുര.
കാടകം ഗ്രാമത്തിന്‍റെ നെല്ലറ കൂടിയായിരുന്നു ഈ പത്തായപ്പുര. 1970 മുതൽ 1980 വരെ കാടകം സ്‌കൂളിന്‍റെ ക്ലാസ് മുറിയായി പത്തായപ്പുര പ്രവർത്തിച്ചിരുന്നു. 1932-ലാണ് കാടകം നാരന്തട്ട തറവാട് കേന്ദ്രീകരിച്ച് വനസത്യഗ്രഹം നടക്കുന്നത്. റിസർവ് വനത്തിൽനിന്ന് തോലും വിറകും ശേഖരിക്കുന്നത് തടഞ്ഞ് ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമമാണ് സത്യഗ്രഹത്തിന് കാരണമായത്.
വേറിട്ട സമരരീതി:ചന്ദനമുൾപ്പെടെയുള്ള മരവും തോലും വിറകും ശേഖരിച്ച് നിയമലംഘനം നടത്തി അധികാരികളെ ബോധ്യപ്പെടുത്തുന്നതായിരുന്നു സമരരീതി. പരിസരപ്രദേശങ്ങളായ ചായിത്തലം, അടുക്കം, മുണ്ടോൾ, കുംബോള തുടങ്ങിയ സ്ഥലങ്ങളാണ് സമരത്തിന് തിരഞ്ഞെടുത്തത്. നാരന്തട്ട രാമൻ നായർ, നാരന്തട്ട കൃഷ്‌ണൻ നമ്പ്യാർ, എ.വി കുഞ്ഞമ്പു, ഉമേശറാവു, മഞ്ജുനാഥ ഹെഗ്ഡെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.
ചുരുങ്ങിയ കാലം മാത്രം നീണ്ടുനിന്ന സമരമായിരുന്നെങ്കിലും അതിനെ ഉൾനാടൻ ഗ്രാമങ്ങളിലെ അസംഘടിതരായ കർഷകരുടെയും പൊതുജനങ്ങളുടെയും ആദ്യസ്വാതന്ത്ര്യസമരമായി മാറ്റാൻ നാരന്തട്ട തറവാട്ടുകാർക്കായി. സമരസേനാനിയായിരുന്ന നാരന്തട്ട ഗാന്ധിരാമൻ നായർക്ക് നാരന്തട്ട തറവാടുമായി ഉണ്ടായിരുന്ന ബന്ധമാണ് പത്തായപ്പുര സമരകേന്ദ്രമായി മാറാനുള്ള കാരണമായത്. മാളികവീടുകൾ പൊതുവേ കുറവായിരുന്ന കാടകത്ത് നാരന്തട്ട തറവാട്ടിലെ മാളികവീട് വലിയൊരു അധികാരകേന്ദ്രവുമായിരുന്നു.
ജന്മി-കുടിയാൻ സമ്പ്രദായം നിലനിന്നിരുന്ന കാലത്ത് കുടിയാന്മാരുടെ പരാതികൾ കേട്ടതും തീർപ്പ് കല്‍പിച്ചതും നാരന്തട്ടക്കാരുടെ ഈ തറവാട്ടുവീട്ടിലായിരുന്നു. ദേശീയ പ്രസ്ഥാനത്തെയും കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തെയും സഹായിച്ച അപൂർവം ജന്മിത്ത തറവാടുകളിൽ ഒന്നാണ് നാരന്തട്ട തറവാട്.