കാസര്‍കോട്: മഞ്ചേശ്വരം എം.എൽ.എയം മുസ്ലീം ലീഗ് നേതാവുമായ എം.സി ഖമറുദ്ദീനെതിരെ വഞ്ചനാ കുറ്റത്തിന് കേസ്. സ്വർണക്കടക്കു വേണ്ടി നിക്ഷേപകരിൽ നിന്ന് പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ ചന്തേര പൊലീസാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച കാടങ്കോട് സ്വദേശി അബ്ദുൾ ഷുക്കൂർ, ആരിഫ, സുഹറ എന്നിവരാണ് പരാതിക്കാർ.
മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീനെതിരെ വഞ്ചനാകുറ്റത്തിന് കേസ്
സ്വർണക്കടക്ക് വേണ്ടി നിക്ഷേപകരിൽ നിന്ന് പണം വാങ്ങി വഞ്ചിച്ചു വെന്ന പരാതിയിൽ ചന്തേര പൊലീസാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
എം.സി ഖമറുദ്ദീൻ ചെയർമാനായുള്ള ജ്വല്ലറിക്ക് വേണ്ടി വലിയപറമ്പ്, തൃക്കരിപ്പൂർ, പടന്ന, ചെറുവത്തൂർ പഞ്ചായത്തുകളിലെ പത്തിലേറെ മഹല്ല് കമ്മിറ്റികൾക്ക് കീഴിലുള്ള നിരവധി പേരിൽ നിന്നും മൂന്ന് കോടിയിലേറെ രൂപ നിക്ഷേപമായി പിരിച്ചെടുത്തിരുന്നു. ഖമറുദ്ദീന്‍റെ ഉറപ്പിൽ കരാർ തയ്യാറാക്കിയും, ചെക്ക് നൽകിയുമാണ് പലരും പണം നിക്ഷേപിച്ചത്. 800 ഓളം നിക്ഷേപകരാണ് ഫാഷൻ ഗോൾഡിനുള്ളതെന്നാണ് വിവരം. 130 കോടിയിലേറെ ബാധ്യതയെ തുടർന്ന് ജ്വല്ലറിയുടെ കാസർകോട്, ചെറുവത്തൂർ, പയ്യന്നൂർ ശാഖകൾ ജനുവരിയിൽ അടച്ച് പൂട്ടിയിരുന്നു. താത്ക്കാലികമായി അടക്കുന്നുവെന്ന വ്യാജേന മൂന്ന് കടകളും പ്രവർത്തനം നിർത്തുകയായിരുന്നുവെന്നാണ് പരാതിക്കാർ പറയുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ നിക്ഷേപകർക്ക് ലാഭവിഹിതം നൽകിയിരുന്നില്ല. നിക്ഷേപം തിരിച്ചു ചോദിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെയാണ് മൂന്ന് നിക്ഷേപകർ പരാതി നൽകിയത്.
36 ലക്ഷം രൂപ ഇവരിൽനിന്നു മാത്രം തട്ടിയെടുത്തുവെന്നാണ് പരാതി. എംഎൽഎക്ക് പുറമേ ഫാഷൻ ഗോൾഡ് മാനേജിങ് ഡയറക്ടറായ ജാമി. അ സഅദിയ്യ ഇസ്ലാമിയ പ്രസിഡന്‍റ് ടികെ പൂക്കോയ തങ്ങൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫാഷൻ ഗേൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച മദ്രസ അധ്യാപകനുൾപ്പെടെയുള്ള ഏഴ് പേർ നേരത്തെ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. ജ്വല്ലറി പ്രവർത്തിച്ചിരുന്ന കാസർക്കോട്ടേയും പയ്യന്നൂരിലേയും ഭൂമിയും കെട്ടിടവും ബംഗളുരുവിലെ ആസ്തിയും ചെയർമാനും സംഘവും നേരത്തെ വിൽപന നടത്തിയിരുന്നു.