കാസർകോട്/കോഴിക്കോട്: കാസർകോട് കുമ്പളയിൽ കൊലക്കേസ് പ്രതിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി (Murder accused found dead). കുമ്പള സ്വദേശി അബ്‌ദുൾ റഷീദാണ് മരിച്ചത്. കൊലപാതകമെന്നാണ് പൊലീസിന്‍റെ സംശയം. നാല് വർഷം മുമ്പ് കാസർകോട് മധൂരിൽ യുവാവിനെ കൊന്ന് കിണറ്റിൽ തള്ളിയ കേസിലെ രണ്ടാം പ്രതിയാണ് മരിച്ച റഷീദ്.
കുമ്പള ഐ എച്ച് ആർ ഡി കോളജിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് ഷീറ്റ് ഉപയോഗിച്ച് മറച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് കുമ്പള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.
മുഖത്തും, ദേഹത്തും മുറിവുകൾ കണ്ടെത്തിയതും കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. റഷീദിന്‍റെ സുഹൃത്തുക്കളെ ചോദ്യം ചെയ്‌തുവരികയാണ്. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.
ഭാര്യയേയും ഭാര്യ മാതാവിനെയും വെട്ടിപരിക്കേൽപ്പിച്ചു:കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പാറമലയിൽ ഭാര്യയേയും ഭാര്യ മാതാവിനെയും വെട്ടിപരിക്കേൽപിച്ചു (Assailant slash). ബിന്ദു, മാതാവ് ഉണ്ണി എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബിന്ദുവിൽ നിന്ന് വേർപിരിഞ്ഞ് കഴിയുന്ന ഭർത്താവ് ഷിബുവാണ് അക്രമം നടത്തിയത്.
കുടുംബ വഴക്കാണ് അക്രമ കാരണമെന്നാണ് പൊലീസ് പറയുന്നത്. തലക്കും കൈക്കുമാണ് പരിക്കേറ്റിരിക്കുന്നത്. ഗുരുതരാവസ്ഥയിലായ ഇരുവരേയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഷിബുവിനായി കോടഞ്ചേരി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഷിബു ഭാര്യയുമായി വേർപിരിഞ്ഞു കഴിയുകയാണ്. ഇന്ന് രാവിലെയാണ് കൊടുവാളുമായി എത്തിയ ഷിബു തലങ്ങും വിലങ്ങും വെട്ടിയതെന്നാണ് പൊലീസ് പറയുന്നത്.