വിശ്വനാഥന്‍റെ മരണം; പൊലീസിന് വീഴ്‌ച പറ്റയിട്ടില്ല, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്‌ണന്‍ കാസർകോട്:ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തിൽ കുറ്റക്കാരെ കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി കെ.രാധാകൃഷ്‌ണൻ. കുറ്റക്കാർക്കെതിരെ പട്ടികജാതി-പട്ടിക വർഗ അതിക്രമം തടയൽ വകുപ്പ് ചുമത്തും. പാവപ്പെട്ടവർക്ക് അന്തസോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു.
സംഭവത്തിൽ പൊലീസിന് വീഴ്‌ച പറ്റിയിട്ടില്ല. വിശദമായ അന്വേഷണം നടക്കുകയാണ്. സംഭവം ദൗർഗ്യകരമാണെന്നും ഇനി ആവർത്തിക്കാതിരിക്കാൻ നടപടി ആവശ്യമാണെന്നും മന്ത്രി അറിയിച്ചു.
അതേസമയം, കുടുംബം ഉന്നയിച്ച പരാതികൾ അടക്കം അന്വേഷിക്കുന്നുണ്ടെന്നും സിസിടിവി ദൃശ്യങ്ങളുടെ ശാസ്‌ത്രീയ പരിശോധനയാണ് നടക്കുന്നതെന്നും പൊലീസ് പറയുന്നു. ആശുപത്രി പരിസരത്ത് ചിലർ കൂട്ടംകൂടി നിൽക്കുന്ന ദൃശ്യങ്ങൾ ഉണ്ടെന്നാണ് സൂചന. കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യയുടെ പ്രസവത്തിനായി എത്തിയതായിരുന്നു വിശ്വനാഥന്‍. മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് പുറത്ത് കൂട്ടിരിപ്പുകാരനായി നിന്ന വിശ്വനാഥനെ ചിലർ ചോദ്യം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരുന്നു.