കാസര്‍കോട്: എംജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന ആരോപണത്തില്‍ പ്രതിപക്ഷനേതാവിന് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍. മോഡറേഷന്‍ ആണ് മാര്‍ക്ക് ദാനമായി പ്രതിപക്ഷ നേതാവ് പറയുന്നത്. മോഡറേഷന്‍ നിര്‍ത്തലാക്കണമെന്നാണ് നിലപാടെങ്കില്‍ പ്രതിപക്ഷ നേതാവ് പൊതുസമൂഹത്തോട് തുറന്നു പറയണമെന്നും മന്ത്രി പറഞ്ഞു. മോഡറേഷന്‍ തീരുമാനിക്കുന്നത് ബോര്‍ഡ് ഓഫ് സ്റ്റഡീസും സിന്‍ഡിക്കേറ്റുമാണ്. ഒരാള്‍ക്ക് മാത്രമല്ല മോഡറേഷന്‍ ആനൂകൂല്യം ലഭിച്ചത്. എംജിയിലെ 150ലേറെ വിദ്യാര്‍ഥികള്‍ക്ക് ഈ ആനുകൂല്യം ലഭിച്ചിട്ടുണ്ട്. 2012ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് 20 മാര്‍ക്ക് വീതം മോഡറേഷന്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ചെന്നിത്തല പറയുന്നത് പച്ച നുണ; മറുപടിയുമായി കെ.ടി ജലീല്‍ - കെടി ജലീല്‍
എംജി സര്‍വകലാശാല അദാലത്തിന്‍റെ ഒരു ഘട്ടത്തിലും ഇടപെടല്‍ നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പച്ച നുണയാണ് പറയുന്നതെന്നും മന്ത്രി കെടി ജലീല്‍ കാസര്‍കോട്ട് പറഞ്ഞു.
എംജി സര്‍വകലാശാല അദാലത്തുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പച്ച നുണയാണ് പറയുന്നത്. ഒരു നുണ പലവട്ടം ആവര്‍ത്തിച്ചാല്‍ അത് സത്യമാകുമെന്നാണ് പ്രതിപക്ഷ നേതാവ് കരുതുന്നത്. അദാലത്തിന്‍റെ ഒരു ഘട്ടത്തിലും ഇടപെടല്‍ നടത്തിയിട്ടില്ല. എംജി സര്‍വകലാശാല മുന്‍ ജീവനക്കാരനും സിന്‍ഡിക്കേറ്റ് അംഗവുമാണ് പ്രൈവറ്റ് സെക്രട്ടറി. മന്ത്രിയും സെക്രട്ടറിയും സര്‍വകലാശാല പരിസരത്തേക്ക് പോകേണ്ടെന്നാണോ പ്രതിപക്ഷ നേതാവ് പറയുന്നതെന്നും കെ.ടി ജലീല്‍ ചോദിച്ചു. തെരഞ്ഞെടുപ്പ് സമയമാകുമ്പോള്‍ വേറെ ഒന്നും ഇല്ലാത്തത് കൊണ്ടാണ് പ്രതിപക്ഷനേതാവ് കള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മന്ത്രി കെ.ടി.ജലീല്‍ കാസര്‍കോട്ട് പറഞ്ഞു.
അതേസമയം പ്രതിപക്ഷ നേതാവിനെതിരെ പരോക്ഷമായ ആരോപണവുമായും കെടി ജലീല്‍ രംഗത്തെത്തി. 2017ലെ സിവില്‍ സര്‍വീസ് എഴുത്ത് പരീക്ഷയില്‍ 950 മാര്‍ക്ക് കിട്ടി ഒന്നാമതെത്തിയയാള്‍ക്ക് അഭിമുഖത്തിന് 176 മാര്‍ക്കാണ് ലഭിച്ചത്. എന്നാല്‍ എഴുത്തു പരീക്ഷയില്‍ 828 മാര്‍ക്ക് മാത്രം കിട്ടിയ ഉദ്യോഗാര്‍ഥിക്ക് അഭിമുഖത്തിന് 30 മാര്‍ക്ക് അധികം ലഭിച്ചു. ഇങ്ങനെ അധികം ലഭിച്ച മാര്‍ക്കിലൂടെ നേതാവിന്‍റെ മകന്‍ 200 റാങ്കിനടുത്ത് എത്തിയെന്നും ഇതിനായി ഡല്‍ഹിയില്‍ ലോബിയിങ് നടത്തിയെന്നും നേതാവിന്‍റെ പേരെടുത്ത് പറയാതെ മന്ത്രി കെടി ജലീല്‍ ആരോപിച്ചു. പിഎസ്‌സിസിക്കൊപ്പം യുപിഎസ്‌സിയുടെ വിശ്വാസ്യതയും സംരക്ഷിക്കപ്പെടണമെന്നും ഇതും അന്വേഷിക്കാന്‍ പ്രതിപക്ഷ നേതാവ് ആവശ്യപ്പെടണമെന്നും ജലീല്‍ പറഞ്ഞു.