കാസർകോട്:അതിർത്തി പ്രദേശമായതിനാൽ മഞ്ചേശ്വരം മണ്ഡലത്തിൽ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്ന് നിയുക്ത എം.എൽ എ എം.സി.ഖമറുദീൻ. മഞ്ചേശ്വരത്തെ ജനങ്ങൾക്ക് വർഗ്ഗീയത ഇല്ല എന്നതിൻ്റെ വിധിയെഴുത്താണ് ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായത്. രാഷ്ട്രീയ പ്രശ്നങ്ങളെ രാഷ്ട്രീയമായി കാണാതിരിക്കുന്നതാണ് പ്രശ്നമെന്നും ഖമറുദ്ദീൻ പറഞ്ഞു. കാസർകോട് പ്രസ് ക്ലബിൽ നടത്തിയ മീറ്റ് ദി പ്രസിനിടെയാണ് ഖമറുദ്ദീൻ മഞ്ചേശ്വരവുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകളെ കുറിച്ച് മനസു തുറന്നത്.
മഞ്ചേശ്വരത്തിൻ്റെ വികസന പദ്ധതികൾക്ക് ഊന്നൽ നൽകുമെന്ന് എം സി ഖമറുദ്ദീൻ
മുൻ എം.എൽ.എ മാർ തുടങ്ങി വെച്ച വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയാണ് തൻ്റെ കർത്തവ്യമെന്ന് എം. സി ഖമറുദ്ദീൻ പറഞ്ഞു
അതിർത്തി പ്രദേശമായ മഞ്ചേശ്വരം മണ്ഡലത്തിൽ ഇടക്കിടെ ഉണ്ടാകുന്ന സംഘർഷങ്ങളെ നിയന്ത്രിക്കുന്നതിനായി സർക്കാർ ശക്തമായി ഇടപെടണം. ബി.ജെ പിയും ലീഗും തമ്മിൽ ചെറിയ സംഘർഷങ്ങൾ ഉണ്ടായാൽ തന്നെ അത് വർഗ്ഗിയതയായി കാണുന്നവരുണ്ട്. ഇത്തരം സംഭവങ്ങളെ രാഷ്ട്രീയ പ്രശ്നമായി കണ്ടാൽ വർഗ്ഗിയ ചിന്ത ഒഴിവാക്കാൻ പറ്റുമെന്നും എം. സി. ഖമറുദ്ദിൻ പറഞ്ഞു.
മുൻ എം.എൽ.എ മാരായ ചെർക്കളം അബ്ദുല്ലയും പി ബി അബ്ദുൾ റസാഖും തുടങ്ങി വെച്ച വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയാണ് തൻ്റെ കർത്തവ്യമെന്നും അതിനാണ് പ്രഥമ പരിഗണനയെന്നും തുളു അക്കാദമി പോലെ മഞ്ചേശ്വരത്തെ സാംസ്കാരിക ലോകവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികൾ ലക്ഷ്യപ്രാപ്തിയിലെത്തിക്കുമെന്നും ഖമറുദ്ദീൻ പറഞ്ഞു.