കാസർകോട് :കർണാടക അതിർത്തിയോട് ചേർന്നു നിൽക്കുന്ന കേരളത്തിലെ ഗ്രാമമാണ് മരുതോം. വനത്താൽ ചുറ്റികിടക്കുന്ന ഈ ഗ്രാമത്തിൽ നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. എന്നാൽ കഴിഞ്ഞ കാലവർഷത്തിലുണ്ടായ ഉരുൾപൊട്ടലിന് ശേഷം മഴയും കാറ്റുമുള്ള രാത്രികളിൽ ഇവർക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിഞ്ഞിട്ടില്ല.
ഈ കാലവർഷം ശക്തിപ്രാപിക്കുമ്പോൾ മലയോര ഗ്രാമമായ മരുതോമിൽ വനത്തോട് ചേർന്ന് ജീവിക്കുന്ന കുടുംബങ്ങൾക്ക് മനസിൽ ആശങ്കയാണ്. ഉരുൾപൊട്ടലിന്‍റെ ഭീതി മനസിൽ നിന്നും മാഞ്ഞിട്ടില്ലാത്ത ഈ ഗ്രാമത്തിൽ കുത്തിയൊലിച്ചുവന്ന വെള്ളത്തിൽ തകർന്ന റോഡുകൾ ഉൾപ്പെടെ ഇപ്പോഴും അതേപടി കിടപ്പാണ്. വനത്തിനിടയിലൂടെയാണ് കോളിച്ചാൽ-മാലോം മലയോര ഹൈവേ പോകുന്നത്.
ഇതിന് താഴെയാണ് നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു കഴിയുന്നത്. ഈ വർഷവും കാലവർഷം ശക്തി പ്രാപിച്ചാൽ മുകളിൽ നിന്നും പാറയും മണ്ണും വെള്ളവും കുത്തിയൊലിക്കും. കഴിഞ്ഞ വർഷം ആഴ്‌ചകളോളമാണ് ഇവിടെയുള്ളവർ ക്യാമ്പിൽ അഭയം പ്രാപിച്ചത്. വാഹനങ്ങൾ അടക്കം ഒഴുകിപ്പോയിരുന്നു.
Also Read :'കൂട്ടിക്കൽ പോലുള്ള ദുരന്തങ്ങൾ മുന്നിൽ കാണണം'; കാലവർഷത്തെ നേരിടാൻ വകുപ്പുകൾ സുസജ്ജമായിരിക്കണമെന്ന് മന്ത്രി വിഎൻ വാസവൻ
ഇനിയൊരു കെടുതി നേരിടാൻ ശക്തിയില്ല : ഇപ്പോഴും അതിന്‍റെ അവശേഷിപ്പുകൾ ഇവിടെ കാണാം. വനത്തിലൂടെയുള്ള മലയോര ഹൈവേ ഉൾപ്പടെ അന്ന് തകർന്നതെല്ലാം അതേപടി തന്നെയുണ്ട്. ഇനിയുമൊരു കാലവർഷ കെടുതിയെ ചെറുക്കാൻ ഈ പ്രദേശത്തിന് ശേഷിയുണ്ടാവില്ല. പുതിയ വീട് കെട്ടിപ്പടുക്കുമ്പോൾ പോലും ആശങ്കയാണ്.
തകർന്ന റോഡിൽ ഇതുവരെയും അധികൃതർ അറ്റകുറ്റ പണി നടത്തിയട്ടില്ല. ഇതോടെ മെഡിക്കൽ ആവശ്യത്തിന് പോലും വാഹനങ്ങൾ ആ വഴി വരില്ലെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്ത് അധികൃതർ വേണ്ട സൗകര്യം ചെയ്‌തു തരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
സംസ്ഥാനത്ത് മഴ തുടരും :അതേസമയം സംസ്ഥാനത്ത് ഞായറാഴ്‌ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതായും പ്രവചിച്ചിട്ടുണ്ട്. എന്നാൽ കേരള തീരത്ത് കാർമേഘങ്ങൾ സജീവമാണെങ്കിലും കാലവർഷം ദുർബലമായെന്നാണ് വിലയിരുത്തൽ.
Also Read :Idukki Rain | ഇടുക്കിയിൽ കാലവർഷമെത്തി; ഏറ്റവും അധികം മഴ ലഭിച്ചത് പീരുമേട്ടിൽ
കേരളത്തിലേയ്‌ക്കുള്ള തെക്ക് പടിഞ്ഞാറൻ കാറ്റിന് ശക്തിയില്ലാത്തതാണ് കാലവർഷം ശക്തിപ്രാപിക്കാത്തതിന് കാരണമെന്നാണ് ലഭ്യമാകുന്ന വിവരം. കടൽ പ്രക്ഷുബ്‌ധമായതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുകയാണ്. കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യബന്ധന തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
കടലാക്രമണത്തെ തുടർന്ന് തിരുവനന്തപുരത്തെ തീരദേശത്ത് നിരവധി വീടുകൾ തകർന്നിരുന്നു. സൗത്ത് കൊല്ലംകോട്, ഫിഷർമെൻ കോളനി, പൊഴിയൂർ, പരുത്തിയൂർ, തുടങ്ങിയ സ്ഥലങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്.
Also Read :Weather update | സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത