കാസർകോട്: മഞ്ചേശ്വരം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർഥി ചർച്ചകളും സജീവമായി. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ ഇരുമുന്നണികൾക്കുമൊപ്പം ബിജെപിക്കും അഭിമാന പോരാട്ടം കൂടിയാണ്. കന്നഡ മേഖലയായതിനാൽ സ്ഥാനാർഥി നിർണയത്തിലും ഭാഷാന്യൂനപക്ഷ വിഭാഗത്തിൽ സ്വാധീനമുള്ളവരെയും നേതൃത്വം പരിഗണിച്ചേക്കും.
എം.എൽ.എയായിരുന്ന പി ബി അബ്ദുൾ റസാഖിന്‍റെ മരണത്തോടെയാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നിയമ വ്യവഹാരത്തിൽ കുരുങ്ങി ഒരു വർഷത്തോളം വൈകിയാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. എങ്കിലും മുന്നണികളെല്ലാം നേരത്തെ തന്നെ തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നു.
ത്രികോണ മത്സരം കാത്ത് മഞ്ചേശ്വരം കഴിഞ്ഞ തവണ 89 വോട്ടിന് നഷ്ടപ്പെട്ട മണ്ഡലത്തിൽ വിജയക്കൊടി പാറിക്കാനാവുമെന്നാണ് ബിജെപി നേതൃത്വത്തിന്‍റെ പ്രതീക്ഷ. ഒരു തവണ കൂടി കെ സുരേന്ദ്രനെ ഗോദയിൽ ഇറക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. ജില്ലാ പ്രസിഡന്‍റ് കെ ശ്രീകാന്തിന്‍റെ പേരും സജീവ പരിഗണനയിലാണ്.
പാർലമെന്‍റ് തെരഞ്ഞെടുപ്പിലുണ്ടായ വൻ മുന്നേറ്റം ഉപതെരഞ്ഞെടുപ്പിലും മഞ്ചേശ്വരത്ത് ആവർത്തിക്കുമെന്ന കണക്ക് കുട്ടലിലാണ് യുഡിഎഫ്.
പ്രതിപക്ഷ നേതാവിന്‍റെ സാന്നിധ്യത്തിൽ യുഡിഎഫ് ജില്ലാ കമ്മിറ്റി യോഗം ചേർന്ന് തെരഞ്ഞെടുപ്പ് കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. മുസ്ലിം ലീഗിന്‍റെ സീറ്റിൽ യുഡിഎഫ് ചെയർമാൻ എം സി ഖമറുദ്ദീൻ, എ കെ എം അഷ്റഫ്. എ ജി സി ബഷീർ എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്
ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുൻകൂട്ടിയുള്ള പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇടത് മുന്നണി. ഇത്തവണ 2006 ലെ തെരഞ്ഞെടുപ്പിന് സമാനമായ സാഹചര്യമാണെന്നും അനുകൂല ഘടകങ്ങൾ ഏറെയാണെന്നും സിപിഎം നേതാവും മഞ്ചേശ്വരം മുൻ എംഎൽഎയുമായ സി എച്ച് കുഞ്ഞമ്പു പറഞ്ഞു.
മൂന്നു മുന്നണികളും ശക്തമായ മത്സരം കാഴ്ചവെയ്ക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ നേരിയ മുൻതൂക്കം യുഡിഎഫിനും ബിജെപിക്കുമാണ്. ഭാഷാ ന്യൂനപക്ഷങ്ങളുടെ ഇടയിൽ കൃത്യമായ ഇടപെടൽ നടത്തി വോട്ടുറപ്പിക്കാനാണ് മൂന്ന് മുന്നണികളുടെയും ഇനിയുള്ള തെരഞ്ഞെടുപ്പ് തന്ത്രം. സ്ഥാനാർഥി പ്രഖ്യാപനം വരുന്നതോടെ മഞ്ചേശ്വരത്ത് പ്രചാരണ രംഗം സജീവമാകും.