കാസർകോട്: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മഞ്ചേശ്വരം മൽസ്യബന്ധന തുറമുഖം യാഥാർഥ്യമായി. നാല് മൽസ്യ ഗ്രാമങ്ങളിലെ പതിനായിരത്തോളം മൽസ്യ തൊഴിലാളികൾക്ക് തുറമുഖം ഉപയോഗപ്പെടുത്താം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തുക ചിലവഴിച്ചാണ് തുറമുഖം നിർമിച്ചിരിക്കുന്നത്.
മഞ്ചേശ്വരം മൽസ്യബന്ധന തുറമുഖം യാഥാർഥ്യമായി പൂനെയിലെ സെൻട്രൽ വാട്ടർ ആൻഡ് പവർ റീസേർച്ച് സ്റ്റേഷൻ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ തയാറാക്കിയ രൂപകല്പന പ്രകാരമാണ് സംസ്ഥാന അതിർത്തിയായ മഞ്ചേശ്വരത്ത് തുറമുഖ നിർമ്മാണം പൂർത്തിയായത്. രണ്ടു പുലിമുട്ടുകളും 275 ബോട്ടുകൾക്ക് അടുപ്പിക്കാൻ കഴിയുന്ന സൗകര്യത്തിലുള്ള തുറമുഖത്തിനായി മൂസോഡിയിലെയും ഹൊസ ബെട്ടുവിലെയും 11 ഏക്കർ സ്ഥലമാണ് വിനിയോഗിച്ചിരിക്കുന്നത്. യന്ത്ര വൽകൃത ബോട്ടുകളും ചെറുവള്ളങ്ങളും അടുപ്പിക്കാനായി 100 മീറ്റർ വാർഫ് ലേല പുരയും ഇവിടെയുണ്ട്. മൽസ്യ വിപണനത്തിനും കയറ്റുമതി അടക്കമുള്ള അനുബന്ധ സൗകര്യങ്ങളുമുള്ള തുറമുഖം യാഥാർഥ്യമായതിൽ പ്രദേശത്തെ മൽസ്യതൊഴിലാളികൾ ആഹ്ളാദത്തിലാണ്.75 ശതമാനം കേന്ദ്ര വിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവുമടക്കം 48.80 കോടി രൂപയാണ് തുറമുഖത്തിനായി വിനിയോഗിച്ചത്. ഒക്ടോബർ ഒന്നിന് മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ഗിരിരാജ് സിങ്, മന്ത്രി മേഴ്സികുട്ടിയമ്മ തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ സംബന്ധിക്കും.