മാധ്യമങ്ങളോട് പ്രതികരിച്ച് പ്രോസിക്യൂട്ടറും കെ സുരേന്ദ്രനും കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള മുഴുവൻ പ്രതികൾക്കും ജാമ്യം. കാസർകോട് ജില്ല സെഷൻസ് കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. കേസിൽ പ്രതികൾ നൽകിയ വിടുതൽ ഹർജി അടുത്തമാസം 15ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
വിടുതൽ ഹർജി പരിഗണിക്കാൻ പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശം നൽകിയിരുന്നു. ഇതേത്തുടർന്നാണ് കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള ആറ് പ്രതികളും ബുധനാഴ്‌ച (25.10.2023) കോടതിയിൽ ഹാജരായത്. സമന്‍സ് നൽകി ഹാജരായതിനാൽ ജാമ്യാപേക്ഷയെ എതിർക്കേണ്ടതില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍റെ നിലപാട്. എന്നാല്‍ വിടുതൽ ഹർജിക്ക് മറുപടിയായി പ്രോസിക്യൂഷൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ഇതിന് ശേഷമായിരിക്കും ഹർജിയിൽ കോടതി വിശദമായ വാദം കേൾക്കുക.
സുരേന്ദ്രന്‍റെ പ്രതികരണം:അതേസമയം കേസ് രാഷ്ട്രീയ വിരോധം തീർക്കാൻ സിപിഎം കെട്ടിചമച്ചതാണെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. കേസ് റദ്ദാക്കണമെന്നാണ് ആവശ്യം. ഇത് കള്ളക്കേസാണെന്ന് തെളിയിക്കാൻ സാധിക്കും. ജാമ്യം ലഭിക്കുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചതാണെന്നും ഈ കേസ് നിലനിൽക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ എടുത്തിരിക്കുന്ന കേസുകൾ കൊണ്ടൊന്നും ഞങ്ങളെ തീർക്കാനാകും എന്ന് കരുതണ്ട. മഞ്ചേശ്വരം കേസ് ആണെങ്കിലും കൊടകര കേസാണെങ്കിലും ബത്തേരി കേസാണെങ്കിലും ആ കേസുകൾ ഒന്നും മതിയാകില്ല ഞങ്ങളെ നേരിടാൻ. അതൊക്കെ കെട്ടിച്ചമച്ച കേസുകളാണെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
Also Read: മഞ്ചേശ്വരം കോഴക്കേസിൽ മുഖ്യമന്ത്രി രാഷ്‌ട്രീയ പകപോക്കല്‍ നടത്തുന്നു; കെ സുരേന്ദ്രൻ
എന്താണ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബിഎസ്‌പി സ്ഥാനാർഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാർഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം രൂപയും സ്‌മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നതുമാണ് കേസ്. സുന്ദര തന്നെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. തുടർന്ന് അന്നത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി വി രമേശന്‍റെ പരാതിയിൽ 2021 ജൂണിലാണ് കേസ് രജിസ്‌റ്റർ ചെയ്യുന്നത്.
എന്നാല്‍ കേസെടുത്തതും പ്രതി ചേർത്തതും നിയമാനുസൃതമല്ലെന്നാണ് സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ വാദം. സുരേന്ദ്രനെ കൂടാതെ ബിജെപി മുൻ ജില്ല പ്രസിഡന്‍റ് അഡ്വ. കെ ബാലകൃഷ്‌ണ ഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, കെ മണികണ്‌ഠ റൈ, വൈ സുരേഷ്, ലോകേഷ് നോഡ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്.
കോടതി നിർദേശപ്രകാരം ബദിയടുക്ക പൊലീസാണ് കേസെടുത്തത്. കേസ് പിന്നീട് ജില്ല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. എസ്‌സി–എസ്‌ടി അതിക്രമവിരുദ്ധ നിയമപ്രകാരം ജാമ്യമില്ലാ കുറ്റമടക്കം ചുമത്തിയാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്.
Also Read: K Surendran On Second Vande Bharat: 'രണ്ടാം വന്ദേഭാരത് ജനങ്ങൾക്ക് അനുഗ്രഹം, കേന്ദ്രം കേരളത്തെ അവഗണിക്കുന്നില്ല': കെ സുരേന്ദ്രൻ