അപകടത്തിൽ മരണപ്പെട്ടയാളുടെ സഹോദരന്‍റെ പ്രതികരണം കാസർകോട്:മംഗളൂരു വിമാന ദുരന്തത്തിന് 12 വർഷത്തിന് ശേഷവും മതിയായ നഷ്‌ടപരിഹാരം ലഭിക്കാനുള്ള നിയമ പോരാട്ടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾ. 158 പേരുടെ ജീവനെടുത്ത അപകടത്തിൽ സാങ്കേതിക കാരണങ്ങൾ ചൊല്ലി ഇപ്പോഴും അർഹമായ നഷ്‌ടപരിഹാരം എയർ ഇന്ത്യ നിഷേധിക്കുന്നുവെന്നാണ് കുടുംബത്തിന്‍റെ പരാതി.
2010 മെയ് 22 ന് രാവിലെ 6.30നായിരുന്നു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മംഗലാപുരത്ത് തകര്‍ന്ന് വീണത്. മാന്യമായ നഷ്‌ടപരിഹാരം നല്‍കാതെ ഒഴിഞ്ഞു മാറാനുള്ള ശ്രമമാണ് വിമാനക്കമ്പനിയുടേതെന്നാണ് മംഗളൂർ എയര്‍ക്രാഷ് വിക്റ്റിംസ് ഫാമിലി അസോസിയേഷനും ആരോപിക്കുന്നത്. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതരില്‍ പലര്‍ക്കും തുച്ഛമായ നഷ്‌ടപരിഹാരമാണ് ലഭിച്ചത്.
കേരള ഹൈക്കോടതിയിൽ ഇരകളുടെ ബന്ധുക്കൾ നൽകിയ മുഴുവന്‍ റിട്ട് ഹര്‍ജികളും തള്ളണമെന്ന ആവശ്യവുമായി ഉപഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് വിമാനക്കമ്പനി. എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് സ്വകാര്യവത്ക്കരിച്ചുവെന്ന കാരണമാണ് ഇതിന് ആധാരമായി ചൂണ്ടികാണിക്കുന്നത്. രാജ്യാന്തര തലത്തിൽ ഇന്ത്യ ഒപ്പുവച്ച മോൺട്രിയൽ കരാർ അനുസരിച്ച് വിമാന അപകടത്തിൽ മരിച്ച ഓരോ വ്യക്തിയുടെ കുടുംബത്തിനും ശരാശരി 72 ലക്ഷം രൂപ നഷ്‌ടപരിഹാരം ലഭിക്കണം.
എന്നാൽ, മരിച്ചയാളുടെ ശമ്പള സർട്ടിഫിക്കറ്റ്, സാമൂഹിക പദവി, കുടുംബ പശ്ചാത്തലം എന്നിവ അടിസ്ഥാനമാക്കി നഷ്‌ടപരിഹാരം നിശ്ചയിച്ച എയർ ഇന്ത്യ 20 ലക്ഷം രൂപയാണ് ധനസഹായമായി നൽകിയത്. ഇതിനെതിരെ നിരവധി കുടുംബങ്ങൾ വർഷങ്ങളായി നിയമപോരാട്ടത്തിലാണ്. കമ്പനിയുടെ സമീപനം അനീതിയും, അവകാശ ലംഘനവുമാണെന്നാണ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളുടെ വാദം.
ബുദ്ധിമുട്ടുകൾ സഹിച്ചും കേസുമായി മുന്നോട്ടുപോകുന്ന കുടുംബങ്ങൾ ഹൈക്കോടതിയിൽ നിന്ന് അനുകൂലമായ വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.