കാസർകോട്: മംഗൽപാടി പഞ്ചായത്തിൽ മുസ്‌ലിം ലീഗിൽ പരസ്യ പൊട്ടിത്തെറി. അഴിമതിയിൽ മുങ്ങിയ പഞ്ചായത്ത് പ്രസിഡന്‍റ് രാജി വയ്ക്കണമെന്ന് ഒരുവിഭാഗം ആവശ്യപ്പെട്ടു. ഇതോടെ പഞ്ചായത്തിൽ ഭരണ പ്രതിസന്ധി രൂക്ഷമായി.
മംഗൽപാടി പഞ്ചായത്തിലെ മുസ്‌ലിം ലീഗില്‍ പൊട്ടിത്തെറി പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ അവിശ്വാസം കൊണ്ടുവരാനാണ് ഒരു വിഭാഗം ലീഗ് അംഗങ്ങളുടെ നീക്കം. മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും പരസ്യ പ്രതിഷേധിത്തിന് അയവ് വന്നിട്ടില്ല. പ്രസിഡന്‍റ് രാജിവക്കാതെ പിന്നോട്ട് ഇല്ലെന്നാണ് വിമത വിഭാഗം പറയുന്നത്.
അച്ചടക്ക നടപടിയുടെ ഭാഗമായി പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടെങ്കിലും പഞ്ചായത്ത് പ്രസിഡന്‍റിന് എതിരെയുള്ള അവിശ്വാസ പ്രമേയം 31-ന് തന്നെ അവതരിപ്പിക്കും. 23 അംഗ മംഗല്‍പാടി പഞ്ചായത്തില്‍ യുഡിഎഫിന് 16 സീറ്റുകളാണുള്ളത്. ഇതില്‍ 14 ഉം മുസ്‌ലിം ലീഗിന്‍റേതാണ്. പാർട്ടി നിർദേശത്തിന് വിരുദ്ധമായി പഞ്ചായത്ത് പ്രസിഡന്‍റ് പ്രവർത്തിക്കുവെന്നാണ് ഒരു വിഭാഗത്തിന്‍റെ പരാതി.
മംഗൽപാടിയിലെ മാലിന്യ പ്രശ്‌നത്തിൽ ഉൾപ്പടെ അലംഭാവം കാട്ടിയെന്ന് ആരോപിച്ചാണ് ലീഗ് അംഗങ്ങൾ തന്നെ പ്രസിഡന്‍റ് ഖദീജത്ത് രിസാനക്കെതിരെ അവിശ്വാസത്തിന് നോട്ടിസ് നല്‍കിയത്. രണ്ട് കോണ്‍ഗ്രസ് അംഗങ്ങൾ ഉൾപ്പടെ പതിനാറ് പേരും പ്രസിഡന്‍റിനെതിരെ രംഗത്തെത്തിയതോടെ അവിശ്വാസം പാസാകുമെന്ന് ഉറപ്പായി.
അതേസമയം പാർട്ടി തീരുമാനം എന്തായാലും അനുസരിക്കുമെന്നാണ് പ്രസിഡന്‍റിന്‍റെ നിലപാട്. കഴിഞ്ഞ കുറച്ചു നാളുകളായി മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയിൽ നിലനിൽക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളാണ് രൂക്ഷമായ പ്രതിസന്ധിയിലേക്ക് നയിച്ചത്. സംസ്ഥാന നേതൃത്വം ഇടപെട്ട് പഞ്ചായത്ത് കമ്മിറ്റി പിരിച്ചു വിടുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിച്ചിട്ടും പ്രസിഡന്‍റിന്‍റെ രാജി ആവശ്യത്തിൽ ഒരു വിഭാഗം ഉറച്ചുനിൽക്കുകയാണ്.