കാസര്‍കോട്: മുഖാവരണം ധരിച്ചെത്തുന്ന സ്ത്രീകളെ തിരിച്ചറിയാൻ ബൂത്തുകളിൽ വനിതാ ജീവനക്കാർ. ബൂത്തിലെത്തുന്ന വോട്ടർമാരിൽ സ്വമേധയാ മുഖാവരണം നീക്കാൻ തയ്യാറാകാത്തവരെ പരിശോധിക്കാനാണ് വനിതാ ജീവനക്കാരെ നിയോഗിക്കുന്നത്. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ അതിർത്തി പ്രദേശങ്ങളിലെ കൂടുതൽ ബൂത്തുകളിൽ വെബ് കാസ്റ്റിങ് സംവിധാനവും ഏർപ്പെടുത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് കർശന നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്.
ഉപതെരഞ്ഞെടുപ്പ്; മുഖാവരണം ധരിച്ചെത്തുന്നവരെ തിരിച്ചറിയാൻ വനിതാ ജീവനക്കാർ - മുഖാവരണം ധരിച്ചെത്തുന്നവരെ
കഴിഞ്ഞ തവണ കള്ളവോട്ട് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് കർശന നിരീക്ഷണത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.
നേരത്തേ 17 ബൂത്തുകളിലാണ് വെബ്കാസ്റ്റിങ് തീരുമാനിച്ചത്. ഇതിന് പുറമെ മൂന്ന് ബൂത്തുകളിൽ കൂടി വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തും. മണ്ഡലത്തിന്‍റെ അതിർത്തിയിൽ നിന്ന് മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള ബൂത്തുകളിലാണ് തത്സമയ വെബ് കാസ്റ്റിങ്. തെരഞ്ഞെടുക്കപ്പെട്ട 11 ബൂത്തുകളിലെ വോട്ടെടുപ്പ് മുഴുവൻ സമയവും നേരിട്ട് ചിത്രീകരിക്കും. സുരക്ഷ കർശനമാക്കുന്നതിന്‍റെ ഭാഗമായി 49 ബൂത്തുകളിൽ സായുധ സേനയെ വിന്യസിക്കുന്നതിനൊപ്പം 53 ബൂത്തുകൾ മൈക്രോ ഒബ്സർവർമാരുടെ നിരീക്ഷണത്തിലും ആയിരിക്കും. മണ്ഡലത്തിന്‍റെ അതിർത്തി മേഖലകളിൽ വാഹന പരിശോധനയും കർശനമാക്കിയിട്ടുണ്ട്.