കാസർകോട്:തളങ്കരയിൽ ചന്ദ്രഗിരിപ്പുഴയോരത്ത് സ്ഥിതി ചെയ്യുന്ന മുസ്ലിം തീർഥാടന കേന്ദ്രമാണ് കാസർകോട്ടെ മാലിക് ഇബ്‌നു ദീനാർ. ആയിരത്തിനാന്നൂറ് വർഷത്തിലേറെ പഴക്കം, കാലത്തെ വെല്ലുന്ന വാസ്‌തുശിൽപ മികവ്. ചരിത്രവും വിശ്വാസവും ഇഴചേർന്നുനിൽക്കുന്ന മാലിക് ഇബ്‌നു ദീനാർ പള്ളിയുടെ വിശുദ്ധി തേടി സ്വദേശികളും സ്വദേശികളുമായി നിരവധി പേരാണ് ദിനംപ്രതി എത്തുന്നത്.
കേരളത്തിൽ ഇസ്‌ലാം കടന്നുവന്ന കാലത്തിന്‍റെ അടയാളങ്ങളിലൊന്നാണ് 1421 വർഷം മുമ്പ് സ്ഥാപിച്ച ഈ പള്ളി. കറുപ്പഴകിൽ തിളങ്ങുന്ന മരങ്ങളിൽ കൊത്തിയുണ്ടാക്കിയ കൊച്ചുപുഷ്‌പങ്ങളും വള്ളികളും ഇലകളും നൂറ്റാണ്ടുകൾക്ക് മുമ്പുള്ള വാസ്‌തു ശിൽപ മികവിന് തെളിവാണ്. പള്ളിയുടെ അകത്തേക്കും പുറത്തേക്കും പോകാൻ ഒട്ടേറെ വാതിലുകളുണ്ട്.
മാലിക് ഇബ്‌നു ദീനാർ.. കേരളത്തില്‍ ഇസ്ലാമിന്‍റെ ചരിത്രം.. ഒപ്പം വിശ്വാസവും തീർഥാടനവും മരത്തിൽ തീർത്ത വാതിലുകളും ജനലുകളും പ്രസംഗപീഠവും പഴയകാല വാസ്‌തു സൗന്ദര്യത്തിന്‍റെ അടയാളങ്ങളാണ്. പ്രധാന വാതിൽപ്പടിയിൽ കൊത്തിവച്ച അറബിലിഖിതം പള്ളിയുടെ ചരിത്രത്തിലേക്ക് വിരൽചൂണ്ടുന്നു. അറേബ്യയിൽനിന്ന് കൊണ്ടുവന്ന വെണ്ണക്കല്ല് പള്ളിയുടെ ശിലാസ്ഥാപനത്തിനുപയോഗിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു. എഡി 1845ലാണ് പള്ളിയുടെ പ്രധാന പുനരുദ്ധാരണം നടന്നത്. വാതിൽപ്പടിയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘അന്ന് ഹിജ്റ വർഷം 22, റജബ് മാസം 13, തിങ്കളാഴ്‌ച, കാസർകോട് പള്ളി സ്ഥാപിച്ചു’.
അറേബ്യയിൽ നിന്ന് കപ്പൽ കയറിവന്ന മാലിക് ഇബ്നു ദീനാറും സംഘവും കേരളത്തിലും ദക്ഷിണ കർണാടകയിലുമായി പത്ത് പള്ളികൾ പണിതുയർത്തി. അതിൽ ഒന്നാണ് കാസർകോട് സ്ഥിതി ചെയ്യുന്നത്. കേരളത്തിൽ ഇസ്‌ലാം വേരാഴ്ത്തുന്നതിലും പടർന്നുപന്തലിക്കുന്നതിലും മാലിക് ഇബ്നു ദീനാറും സംഘവും വലിയ പങ്കുവഹിച്ചതായി പറയപ്പെടുന്നു. കൊടുങ്ങല്ലൂരിനും കാസർകോടിനും പുറമെ കൊല്ലം, ചാലിയം, പന്തലായിനി, ധർമടം, ശ്രീകണ്ഠപുരം, ഏഴിമല, മംഗളൂരു, ബാർകൂർ (തെക്കൻ കർണാടക) എന്നിവിടങ്ങളിലും അവർ പള്ളികൾ പണിതു.
ഇന്നു കാണുന്ന മാലിക് ഇബ്‌നു ദീനാർ പള്ളി പലകാലങ്ങളിലായി പുനർനിർമിച്ചതാണ്. അതിന്‍റെ ഏറ്റവും അകത്തെ ഭാഗത്താണ് മാലിക് ഇബ്നു ദീനാറും സംഘവും നിർമിച്ച പള്ളി നിലകൊണ്ടത്. മണ്ണും കല്ലും മരവും കൊണ്ടുണ്ടാക്കിയ പഴയ പള്ളി ഓലമേഞ്ഞതായിരുന്നുവെന്ന് പഴയ രേഖകൾ വ്യക്തമാക്കുന്നു. ആ പഴയ പള്ളിയുടെ മരം, മണ്ണ്, ഓല എന്നിവയുടെ അവശിഷ്‌ടങ്ങൾ ഇതേ സ്ഥലത്തു തന്നെ കുഴിച്ചുമൂടിയതായി കരുതുന്നു. പ്രവാചകന്റെ കാലത്തുതന്നെയാണ് മാലിക് ഇബ്നു ദീനാറും സംഘവും കേരളത്തിൽ വന്നതെന്നും അതല്ല പിൽക്കാലത്താണ് അവർ ഇവിടെയെത്തിയതെന്നുമുള്ള അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.
ALSO READ: മസ്തിഷ്കാഘാതം ഭേദമായാലും ജീവിതത്തെ കാത്തിരിക്കുന്നത് നിരവധി രോഗങ്ങള്‍