കാസര്‍കോട്: പത്തരമാറ്റ് തിളക്കമുള്ള വിജയവുമായി കാസര്‍കോട്ടുകാരി മഹിമ റാവു. പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവിന് വിശ്വേശരയ്യ ടെക്‌നിക്കല്‍ സര്‍വകലാശാല നല്‍കുന്ന 13 സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കിയാണ് മഹിമ ബിടെക് പഠനം പൂര്‍ത്തിയാക്കിയത്. സര്‍വകലാശാല ചരിത്രത്തില്‍ മുഴുവന്‍ സ്വര്‍ണമെഡലുകളും കരസ്ഥമാക്കി ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഏക വിദ്യാര്‍ഥിയാണ് മഹിമ. ഇതോടെ കാസര്‍കോടിന്‍റെ മഹിമ കര്‍ണാടകയിലെ താരമായി.
പത്തരമാറ്റ് തിളക്കമുള്ള വിജയവുമായി കാസര്‍കോട്ടുകാരി മഹിമ - മൂര്‍ത്തീസ് മെഡല്‍ ഓഫ് എക്‌സലന്‍സ്
വിശ്വേശരയ്യ ടെക്‌നിക്കല്‍ സര്‍വകലാശാല നല്‍കുന്ന 13 സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കി താരമായി മഹിമ റാവു
നൃത്തവും പഠനവും ഒന്നിച്ചു കൊണ്ടുപോയാണ് മഹിമ നേട്ടങ്ങളെല്ലാം കൈപ്പിടിയിലൊതുക്കിയത്. പരീക്ഷകള്‍ക്കിടയില്‍ പോലും നൃത്തപരിപാടികളുണ്ടായിരുന്നു. അതിനിടയിലെ ഇടവേളകളാണ് മഹിമ പഠനത്തിനായി നീക്കിവെക്കുന്നത്. ബിടെക് അവസാന സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞപ്പോള്‍ റാങ്ക് പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റില്‍ 9.38 പോയിന്‍റ് സ്വന്തമാക്കിയാണ് മഹിമ സിവില്‍ എഞ്ചിനീയറിങ്ങില്‍ ഒന്നാം റാങ്ക് നേടിയത്.
ഗോള്‍ഡ് മെഡലോടെ ബിരുദം പൂര്‍ത്തിയാക്കിയ മഹിമയെ സര്‍വകലാശാലയുടെ നിരവധി അംഗീകാരങ്ങളാണ് തേടിയെത്തിയത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്, മൂര്‍ത്തീസ് മെഡല്‍ ഓഫ് എക്‌സലന്‍സ്, വിശ്വേശ്വരയ്യ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി, ഡോ.മാലതി കേസരി, എസ്.ജി.ബാലേകുന്ദ്രി, ഡോ.എം.സി.ശ്രീനിവാസ് മൂര്‍ത്തി മെമ്മോറിയല്‍, ജെയിന്‍ യൂണിവേഴ്‌സിറ്റി തുടങ്ങി പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ മികവിന് സ്വകാര്യ സംരഭകരുടെ സഹായത്തോടെ സര്‍വകലാശാല നല്‍കുന്ന 13 സ്വര്‍ണമെഡലുകള്‍ ലഭിച്ചപ്പോള്‍ അത് സര്‍വകലാശാലയുടെ ചരിത്രത്തിലും ഇടം നേടി. മികച്ച നര്‍ത്തകി കൂടിയായ മഹിമ കേളുഗുഡ്ഡെയില്‍ കുട്ടികളെ നൃത്തം പരിശീലിപ്പിക്കുന്നുമുണ്ട്. യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ ഭരതനാട്യത്തില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനം നേടിയ മഹിമ, യക്ഷഗാനത്തിലും വേഷമിടുന്നുണ്ട്. മാതാപിതാക്കളായ സത്യസായി റാവുവിന്‍റെയും ശ്രീദേവി റാവുവിന്‍റെയും പൂര്‍ണ പിന്തുണയും ഈ മിടുക്കിയുടെ വിജയത്തിന് പിന്നിലുണ്ട്.