കാസര്‍കോട്: തദ്ദേശ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ലൈവായി നടത്തി കാസര്‍കോട് ജില്ലാ ഭരണകൂടം. കൊവിഡ് പശ്ചാത്തലത്തിലാണ് വാര്‍ഡുകളുടെ നറുക്കെടുപ്പ് ഓണ്‍ലൈന്‍ വഴിയാക്കിയത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴി അതത് പഞ്ചായത്തുകള്‍ക്ക് നറുക്കെടുപ്പ് വീക്ഷിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു. സംസ്ഥാനത്താദ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രാഥമിക നടപടിക്രമങ്ങള്‍ ഓണ്‍ലൈൻ സംവിധാനത്തില്‍ നടക്കുന്നത്.
കാസര്‍കോട് ജില്ലയില്‍ തദ്ദേശ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടത്തി
കൊവിഡ് പശ്ചാത്തലത്തിലാണ് വാര്‍ഡുകളുടെ നറുക്കെടുപ്പ് ഓണ്‍ലൈന്‍ വഴിയാക്കിയത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴി അതത് പഞ്ചായത്തുകള്‍ക്ക് നറുക്കെടുപ്പ് വീക്ഷിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു.
ജില്ലയില്‍ കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഹൈ ടെക്കായി പരിപാടി സംഘടിപ്പിച്ച് നറുക്കെടുപ്പ് നടത്തിയത്. രോഗവ്യപന തോത് കുറക്കുകയെന്ന ആശയം ജില്ലാകലക്ടര്‍ ഡോ. ഡി സജിത് ബാബു മുന്നോട്ട് വെച്ചത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ കൂടി ലഭിച്ചതോടെ ഹൈ ടെക്കായി വാര്‍ഡ് നറുക്കെടുപ്പും മാറി. ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയും രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ പ്രതിനിധിയും ഉദ്യോഗസ്ഥരും മാത്രമാണ് നറുക്കെടുപ്പ് സ്ഥലത്ത് ഉണ്ടായിരുന്നത്.
കൃത്യമായ ആസൂത്രണവും സാങ്കേതിക മികവും, സുതാര്യതയും ഉണ്ടായിരുന്നതുകൊണ്ട് പരാതിക്ക് ഇടനല്‍കാതെ മുഴുവന്‍ സംവരണ വാര്‍ഡുകളുടെയും നറുക്കെടുപ്പ് പൂര്‍ത്തീകരിച്ചു. സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ലൈവായി സംഘടിപ്പിക്കുന്നത് കേരളത്തില്‍ ഇതാദ്യമാണ്. ഒക്ടോബര്‍ അഞ്ചിനാണ് ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് സംവരണ വാര്‍ഡുകളിലേക്കുള്ള നറുക്കെടുപ്പ്. ഇതും ലൈവായി നടത്തും.