കാസർകോട്: തടാകത്തിന് നടുവിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് കാസർകോട് അനന്തപുരത്തെ അനന്തപത്മനാഭസ്വാമി ക്ഷേത്രം. തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലസ്ഥാനം എന്നറിയപ്പെടുന്ന അനന്തപുരം ക്ഷേത്രത്തിലെ സവിശേഷതകൾ അറിഞ്ഞ് സംസ്ഥാനത്തിന് പുറത്ത് നിന്ന് നിരവധിപേരാണ് ഇവിടെയെത്തുന്നത്. ക്ഷേത്രത്തിലെ നിവേദ്യച്ചോറു മാത്രം കഴിക്കുന്ന സസ്യാഹാരിയായ മുതല ഇവിടുത്തെ തടാകത്തിലുള്ളത് പ്രത്യേകതയാണ്.
തടാകത്തിന് നടുവിലെ അനന്തപത്മനാഭസ്വാമി ക്ഷേത്രം - padmanabhaswami temple
തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലസ്ഥാനം എന്നറിയപ്പെടുന്ന അനന്തപുരം ക്ഷേത്രത്തിലെ സവിശേഷതകൾ അറിഞ്ഞ് സംസ്ഥാനത്തിന് പുറത്ത് നിന്ന് നിരവധിപേരാണ് ഇവിടെയെത്തുന്നത്.
പുഴയുടെ തീരത്തും കുളത്തിനോട് ചേർന്നുമൊക്കെ ധാരാളം ക്ഷേത്രങ്ങൾ കാണാറുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ക്ഷേത്രമാണ് കാസർകോട് കുമ്പള അനന്തപുരം. തടാകത്തിന് നടുവിലാണ് അനന്തപുരം ക്ഷേത്രത്തിലെ പ്രതിഷ്ഠ. വിശാലമായ കുളത്തിനു നടുവിൽ സ്ഥിതി ചെയ്യുന്നതിനാൽ സരോവര ക്ഷേത്രം എന്നും അറിയപ്പെടുന്ന ഇവിടം തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ്. അതിനാൽ തെക്കൻ കേരളത്തിൽ നിന്നുള്ളവർ വരെ ഇവിടെ ആരാധനയ്ക്കായി എത്തുന്നുണ്ട്.
ഐതിഹ്യങ്ങൾ കൊണ്ടും രണ്ട് ക്ഷേത്രങ്ങളും ബന്ധപ്പെട്ടുകിടക്കുന്നു. കുമ്പള അനന്തപുരത്തു നിന്നുമാണ് തിരുവനന്തപുരത്തേക്ക് പത്മനാഭസ്വാമി എത്തിയതെന്നാണ് വിശ്വാസം. തിരുവനന്തപുരത്ത് അനന്തശയനം ആണ് പ്രതിഷ്ഠ എങ്കിൽ ഇവിടെ ഇരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. കാസർകോട് ക്ഷേത്രത്തിനു സമീപം ഗുഹാമുഖം ഉണ്ടെന്നും ഇതുവഴി അനന്തപുരിയിലേക്ക് ഭഗവാൻ എത്തി എന്നുമാണ് ഐതിഹ്യം. വളരെ അപൂർവമായി ഉള്ള കടുശർക്കര യോഗത്തിലാണ് രണ്ടു ക്ഷേത്രങ്ങളിലും വിഗ്രഹങ്ങൾ നിർമ്മിച്ചിരിക്കുന്നത്. കാലവർഷം എത്ര കനത്താലും അനന്തപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്ന തടാകത്തിലെ ജലനിരപ്പ് ഉയരാറില്ലെന്നത് മറ്റൊരു പ്രത്യേകതയാണ്. ഈ തടാകത്തിൽ 'ബബിയ' എന്ന് പേരുള്ള മുതലയും ജീവിക്കുന്നുണ്ട്. ക്ഷേത്രത്തിലെ നിവേദ്യച്ചോറു മാത്രം ഭക്ഷിക്കുന്ന സസ്യാഹാരിയായ ഈ മുതലയും അനന്തപുരം ക്ഷേത്രത്തിലെ മറ്റൊരു സവിശേഷതയാണ്. നിവേദ്യ ചോറു നൽകുന്ന രാവിലെയും ഉച്ചയ്ക്കും മാത്രമേ മുതല പുറത്തേക്ക് വരാറുള്ളൂ. തടാകത്തിന് അകത്തുള്ള രണ്ടു ഗുഹകളിലുമാണ് മുതല വസിക്കുന്നത് എന്നും പറയപ്പെടുന്നു.