കാസർകോട്: വീണ്ടും ഫ്യൂസ് ഊരി കെ എസ് ഇ ബി. വൈദ്യുത ബിൽ അടക്കാത്തതിനാൽ കാസർകോട് കറന്തക്കാടുള്ള ആർ ടി ഒ എൻഫോഴ്സ്മെന്‍റ് ഓഫിസിലെ ഫ്യൂസാണ് ഊരിയത്. ഇന്ന് രാവിലെ കെ എസ് ഇ ബി ജീവനക്കാർ ആർ ടി ഒ ഓഫിസിൽ എത്തുകയും ബിൽ അടക്കാത്തതിനാൽ ഫ്യൂസ് ഊരുകയുമായിരുന്നു.
23,000 രൂപ ബിൽ അടക്കാനുള്ള അവസാന തീയതി ഈ മാസം 26 ആയിരുന്നു. എന്നാൽ ബിൽ അടച്ചിരുന്നില്ല. കഴിഞ്ഞ ദിവസവും മുമ്പ് വയനാട്ടിലും സമാനമായ രീതിയിൽ കെ എസ് ഇ ബി ഫ്യൂസ് ഊരിയിരുന്നു. കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന എം വി ഡി എന്‍ഫോഴ്‌സ്‌മെന്‍റ് ഓഫിസ് കെട്ടിടത്തിലെ ഫ്യൂസ് ആണ് കെ എസ് ഇ ബി ഊരിയത്.
സംഭവം നടക്കുന്നതിന് ഒരാഴ്‌ച മുന്‍പ് ജീപ്പിൽ തോട്ടിവച്ച് പോയതിന് കെ എസ് ഇ ബി വാഹനത്തിന് എഐ കാമറ പിഴ ചുമത്തിയിരുന്നു. വയനാട് അമ്പലവയല്‍ ഇലക്‌ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് ജീവനക്കാര്‍ക്കായി വാടകക്കെടുത്ത ജീപ്പിനാണ് പിഴയിട്ടത്. എ ഐ കാമറ കണ്ടെത്തിയ നിയമ ലംഘനവും 20,500 രൂപ പിഴയിട്ടതും വ്യക്തമാക്കിക്കൊണ്ട് എം വി ഡി നോട്ടിസും അയച്ചു. വാഹനത്തിന് മുകളിൽ തോട്ടി വച്ച് കെട്ടിയതിന് 20,000 രൂപയും ഡ്രൈവറുടെ സീറ്റ് ബെൽറ്റിടാത്ത യാത്രയ്ക്ക് 500 രൂപയുമാണ് പിഴയിട്ടത്.
പടംപിടിച്ചതും നിയമ ലംഘനം കണ്ടെത്തിയതും എ ഐ കാമറയാണെങ്കിലും കെഎസ്‌ഇബിക്ക് പണി കൊടുത്തത് എം വി ഡി ആണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ സംഭവം ചര്‍ച്ചയായി. എന്നാല്‍ കെ എസ് ഇ ബി വാഹനത്തിന് പിഴയിട്ട് ചൂടാറും മുന്‍പാണ് കെ എസ് ഇ ബി പക വീട്ടുന്നതു പോലെ വൈദ്യുതി ബില്ല് അടക്കാതിരുന്ന എം വി ഡി ഓഫിസിലെ ഫ്യൂസ് ഊരിയത്.
ജില്ലയിലെ മുഴുവൻ എ ഐ കാമറകളുടെയും പ്രവർത്തനം നിയന്ത്രിക്കുന്ന കെട്ടിടത്തിന്‍റെ ഫ്യൂസ് ഊരിയാണ് കെ എസ് ഇ ബി എം വി ഡിയോടുള്ള പക വീട്ടിയത്. ഫ്യൂസ് ഊരിയതിന് പിന്നാലെ അടിയന്തര ഫണ്ടില്‍ നിന്ന് പണമെടുത്ത് മോട്ടോർ വാഹന വകുപ്പ് ബില്ലടച്ചു. അതോടെ എം വി ഡി എന്‍ഫോഴ്‌സ്‌മെന്‍റ് കെട്ടിടത്തിലെ വൈദ്യുതി കെ എസ് ഇ ബി പുനഃസ്ഥാപിച്ചു.
വയനാട്ടിലെ രണ്ട് വകുപ്പുകള്‍ തമ്മിലുള്ള ഈ അപൂര്‍വ പോര് സോഷ്യല്‍ മീഡിയയില്‍ അടക്കം വളരെ ചര്‍ച്ചയായിരുന്നു. വയനാട്ടിലെ സംഭവത്തിന്‍റെ ചൂടാറും മുന്‍പാണ് കാസര്‍കോടും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തത്. ഫൈന്‍ അടപ്പിക്കുന്നതും അടക്കുന്നതും സര്‍ക്കാര്‍ വകുപ്പുകള്‍ ആയതിനാല്‍ ഒടുവില്‍ പണം പോകുന്നതും എത്തിച്ചേരുന്നതും സര്‍ക്കാരില്‍ തന്നെയാണെന്നതാണ് വാസ്‌തവം.
Also Read:'ഫൈനിട്ടാല്‍ ഫ്യൂസ് ഊരും', മോട്ടോർ വാഹന വകുപ്പിന് ചെക്ക് വെച്ച് കെഎസ്ഇബി (ഒരു വയനാടൻ കഥ)