കാസർകോട്: ബജറ്റ് രേഖയുടെ കവര്‍ചിത്രത്തിലൂടെ താരമായിരിക്കുകയാണ് കാസർകോട്ടെ ഒരു കുഞ്ഞു കലാകാരൻ. കാസര്‍കോട് ഇരിയണ്ണി പി.എ.എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസുകാരന്‍ ജീവന്‍റെ വരകളാണ് ധനമന്ത്രി ടി എം തോമസ് ഐസക്കിന്‍റെ ഇത്തവണത്തെ ബജറ്റ് രേഖയുടെ കവറില്‍ സ്ഥാനം പിടിച്ചത്. അങ്കണവാടിയില്‍ പഠിക്കുമ്പോള്‍ മുതല്‍ കൈയില്‍ ബ്രഷ് പിടിച്ചു തുടങ്ങിയതാണ് ജീവന്‍. ചിത്രങ്ങള്‍ നന്നാവുന്നുണ്ടെന്ന് തോന്നിയപ്പോള്‍ അധ്യാപകന്‍ കൂടിയായ പിതാവ് സരീഷ് തുടങ്ങിയ ഫേസ്ബുക് പേജാണ് ജീവന്‍റെ ചിത്രത്തെ സംസ്ഥാന ശ്രദ്ധയിലെത്തിച്ചത്.
ബജറ്റിലൂടെ താരമായി കാസർകോട്ടെ ഒന്നാം ക്ലാസുകാരനും
അങ്കണവാടിയിൽ പഠിക്കുമ്പോൾ മുതൽ വരച്ചുതുടങ്ങിയ ജീവന്‍റെ ചിത്രങ്ങളെല്ലാം അച്ഛനായ സരീഷ് ഫേസ്ബുക്കിലൂടെ പങ്കുവെക്കാറുണ്ട്
ജീവന്‍റെ വരകള്‍ എന്ന പേജില്‍ അപ്ലോഡ് ചെയ്‌ത ചിത്രങ്ങളിലൊന്ന് എടുത്തോട്ടെ എന്ന് ചോദിച്ച് വിളി വന്നിരുന്നെങ്കിലും കവര്‍ചിത്രമായി തെരഞ്ഞെടുക്കുമെന്നൊന്നും പ്രതീക്ഷിച്ചതേ ഇല്ലെന്നാണ് ജീവന്‍റെ അച്ഛൻ സരീഷ് പറയുന്നത്. ബജറ്റിനെക്കുറിച്ചൊന്നും അറിയില്ലെങ്കിലും തന്‍റെ കുഞ്ഞന്‍ വരകള്‍ ഇങ്ങനെ കവര്‍ പേജായി എന്നറിഞ്ഞപ്പോള്‍ ജീവനും സന്തോഷം.
നാല് വയസ് മുതല്‍ വരച്ചു തുടങ്ങിയ ജീവന്‍റെ ഒട്ടുമിക്ക ചിത്രങ്ങളും ഫേസ്ബുക് പേജിലുണ്ട്. നിരവധി കുട്ടികളുടെ കവിതാ ശകലങ്ങള്‍ക്കൊപ്പമാണ് ജീവന്‍റെ ചിത്രവും സ്ഥാനം പിടിച്ചത്.