കാസർകോട്: എൻജിനീയറിങ് എൻട്രൻസ് റാങ്കുകളുടെ നിറവിൽ കാഞ്ഞങ്ങാട്ടെ ഇരട്ടകൾ. എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ സംസ്ഥാനത്തെ നാലാം റാങ്കും എട്ടാം റാങ്കുമാണ് സഞ്ജയ്, സൗരവ് എന്നീ സഹോദരങ്ങളിലൂടെ കാഞ്ഞങ്ങാട് മാവുങ്കാൽ സൗപർണികയിൽ എത്തിയത്.
കാഞ്ഞങ്ങാടിന് റാങ്കിന്‍റെ തിളക്കം: 'ഇരട്ട' മധുരവുമായി സഞ്ജയും സൗരവും
നാലാം റാങ്കും എട്ടാം റാങ്കുമാണ് സഞ്ജയും സൗരവും കാഞ്ഞങ്ങാടെത്തിച്ചത്
നിമിഷങ്ങളുടെ വ്യത്യാസങ്ങൾക്ക് ഭൂമിയിൽ പിറന്നു വീണ സഹോദരങ്ങൾ. ഒരേ ക്ലാസിലെ പഠനം. ആരാവണമെന്ന ചോദ്യങ്ങൾക്ക് എൻജിനീയർ എന്ന ഉത്തരം നൽകിയ മിടുക്കർ. സ്വപ്നങ്ങളുമായി സയൻസ് ഗ്രൂപ്പെടുത്ത് ഹയർ സെക്കൻഡറി പഠനം. ഒടുവിൽ പ്രവേശന പരീക്ഷയിൽ അവർക്ക് റാങ്കുകളുടെ പൊൻതിളക്കം. കാഞ്ഞങ്ങാട് മാവുങ്കാൽ സൗപർണികയിൽ ഇരട്ടകളുടെ പഠന നേട്ടത്തിന്‍റെ ആഹ്ളാദമാണ്. ബിസിനസുകാരനായ സി.സുകുമാരന്‍റെയും സിവിൽ പൊലീസ് ഓഫീസറായ വനജയുടെയും ഇരട്ടക്കുട്ടികൾ സൗരവ് സുകുമാരനും സഞ്ജയ് സുകുമാരനുമാണ് പ്രവേശന പരീക്ഷയിൽ നാലും എട്ടും റാങ്കുകൾ നേടി അഭിമാനമായത്. മാർക്ക് പ്രസിദ്ധീകരിച്ചപ്പോൾ തന്നെ റാങ്ക് പട്ടികയിൽ ആദ്യ പത്തിനുള്ളിൽ വരുമെന്ന് പ്രതീക്ഷിച്ചതായി ഇരുവരും പറഞ്ഞു.
നവോദയ വിദ്യാലയയിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എ1 ഗ്രേഡ് നേടിയാണ് ഇരുവരും കാഞ്ഞിരപ്പള്ളി സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂളിൽ ഹയർ സെക്കൻഡറി പഠനത്തിനെത്തിയത്. ഐഐടി ലക്ഷ്യമിട്ടായിരുന്നു പരിശീലനം. അതിനൊപ്പമാണ് കേരള പ്രവേശന പരീക്ഷയുമെഴുതിയത്. എവിടെയായാലും ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബിരുദമെടുക്കുക എന്നതാണ് ഇനി ഇവരുടെ ലക്ഷ്യം.