കാസർകോട്: കവ്വായി കായലിലെ കല്ലുമ്മക്കായ കർഷകർ വളരെ സന്തോഷത്തിലാണ്. നഷ്‌ടത്തിന്റെ കണ്ണീരുവീണ കല്ലുമ്മക്കായ പാടത്ത് ഇപ്പോൾ പുഞ്ചിരി വിരിയുന്നു. പതിനഞ്ച് വർഷത്തിന് ശേഷമാണ് കല്ലുമ്മക്കായ പാടത്ത് ലാഭമുള്ള വിളവെടുപ്പുണ്ടായതെന്ന് കർഷകർ പറയുന്നു. ഓരുവെള്ളത്തിൽ കയറിൽ തൂക്കിയാണ് കല്ലുമ്മക്കായ കൃഷി ചെയ്യുന്നത്. തൃക്കരിപ്പൂർ, പടന്ന, ചെറുവത്തൂർ പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന വലിയപറമ്പാണ് കല്ലുമ്മക്കായ കൃഷിയുടെ പ്രധാന കേന്ദ്രം.
കവ്വായിയിലെ കല്ലുമ്മക്കായ കൃഷി ഏതാണ്ട് 2000ലധികം കർഷകരും കർഷക കൂട്ടായ്‌മകളുമാണ് കവ്വായി കായലിൽ കല്ലുമ്മക്കായ കൃഷി ചെയ്യുന്നത്. കടലില്‍ പാറക്കെട്ടുകളില്‍ മാത്രം സ്വാഭാവികമായി വളരുന്ന കല്ലുമ്മക്കായ വർഷങ്ങൾക്ക് മുമ്പ് സംസ്ഥാനത്ത് തന്നെ ആദ്യമായി കാസര്‍കോട് കവ്വായിക്കായലിലാണ് വിളവെടുത്തത്. കായലില്‍ കൃഷി ചെയ്യുന്ന കല്ലുമ്മക്കായ ഒരു കാലത്ത് യൂറോപ്പിന്റെ തീന്‍മേശകളിലും സുലഭമായിരുന്നു.
തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിലെ മാർക്കറ്റുകളിൽ കവ്വായി കായലിലെ കല്ലുമ്മക്കായയ്ക്ക് നല്ല ഡിമാൻഡുണ്ട്. കായലില്‍ മുളകൊണ്ട് തട്ടുകള്‍ കെട്ടിയുണ്ടാക്കിയാണ് കല്ലുമ്മക്കായ കൃഷി ചെയ്യുന്നത്. രണ്ടടിയോളം നീളത്തില്‍ വടം മുറിച്ചെടുത്ത് കല്ലുമ്മക്കായ വിത്തുകള്‍ തുണിയില്‍ നിരത്തി വടത്തില്‍ കെട്ടി വക്കുന്നു. ഇത് മുളത്തട്ടുകളുമായി ബന്ധിപ്പിച്ച് കായലിലേക്ക് ഇറക്കിയിടും.
ഒരാഴ്‌ച കഴിയുന്നതോടെ കല്ലുമ്മക്കായ വിത്തുകള്‍ വടത്തില്‍ പിടുത്തമിടും. പിന്നീട് കായ വളര്‍ന്നു തുടങ്ങും. പിന്നെ നാലു മാസത്തെ കാത്തിരിപ്പാണ്. ഫിഷറീസ് വകുപ്പിന്‍റെ സഹായവും, സ്വരുക്കൂട്ടിവച്ചെതും ചേർത്താണ് കായലിലെ ഈ പരീക്ഷണം. കല്ലുമ്മക്കായ കൃഷിക്ക് അമ്പതിനായിരത്തോളം രൂപ ചിലവ് വരുമെന്നാണ് കർഷകർ പറയുന്നത്.
പ്രാദേശികമായും ഇവിടെ വില്‌പന നടക്കാറുണ്ട്. പണ്ട് വലിയ ചണ ചാക്കുകളിൽ നിറച്ചായിരുന്നു വില പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് സാഹചര്യം മാറി. ഇപ്പോൾ കിലോക്കാണ് വിൽപന. ഒരു കിലോക്ക് 300ലധികം രൂപ വരെ കിട്ടുന്നുണ്ട്. മഴ വന്ന് ഓരുവെള്ളത്തിൽ മാറ്റം വന്നാൽ കല്ലുമ്മക്കായ കയറിൽ നിന്ന് വിട്ടു പോകും. അതിനാല്‍ തന്നെ മഴക്ക് മുമ്പ് വിളവെടുക്കുകയാണ് കർഷകരിവിടെ.